ക്രൈം
പന്തീരാങ്കാവ് പീഡനം: മൊഴിമാറ്റിയ യുവതി പൊലീസ് കസ്റ്റഡിയിൽ
പന്തീരാങ്കാവ് ഭർതൃപീഡനക്കേസിൽ മൊഴി മാറ്റിപ്പറഞ്ഞ യുവതി കസ്റ്റഡിയിൽ. വ്യാഴാഴ്ച രാത്രി ഒമ്പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതി ഡൽഹിയിൽനിന്നുള്ള വിമാനത്തിലാണ് എത്തിയതെന്നാണ് സൂചന.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഡൽഹിയിലെ ടവർ ലൊക്കേഷനാണ് പൊലീസിന് ലഭിച്ചിരുന്നത്. യുവതിയെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം.
ഭർത്താവ് രാഹുൽ മർദിച്ചെന്നും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നുമായിരുന്നു യുവതിയുടെ ആദ്യമൊഴി. ഇതിന്റെയടക്കം അടിസ്ഥാനത്തിലായിരുന്നു രാഹുലിനെതിരെ വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തത്. കേസിൽ പൊലീസ് കുറ്റപത്രമടക്കം തയാറാക്കി തുടങ്ങിയതിനിടെയാണ് യുവതി ഇതുവരെയുള്ള ആരോപണങ്ങളും മൊഴികളും മാറ്റിയ വിഡിയോ യുട്യൂബ് ചാനൽ വഴി പുറത്തുവിട്ടത്.
സ്ത്രീധനത്തിന്റെ പേരിലാണ് ഭർത്താവ് രാഹുൽ തന്നെ മർദിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ വീട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ചാണ് പറഞ്ഞതെന്നായിരുന്നു യുവതിയുടെ തുറന്നുപറച്ചിൽ. നേരത്തെ മാട്രിമോണിയൽ വെബ്സൈറ്റ് വഴി പരിചയപ്പെട്ടയാൾ പലതവണ വിളിച്ചതിനെ തുടർന്നുള്ള തെറ്റിദ്ധാരണയുടെ പേരിൽ ഭർത്താവ് തന്നെ അടിച്ചു എന്നത് നേരാണെന്നും മറ്റൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് യുവതി വിഡിയോയിൽ പറഞ്ഞത്. രാഹുലിന്റെ അമ്മയോടും സഹോദരിയോടും മാപ്പുചോദിക്കുന്നതായും ഈ വിഡിയോയിൽ പറഞ്ഞിരുന്നു.
എന്നാൽ, പുതിയ വെളിപ്പെടുത്തലുകൾ അവഗണിച്ച് അന്വേഷണവുമായി മുേന്നാട്ടുപോകാനാണ് പൊലീസ് തീരുമാനം. ഗാർഹിക പീഡനമടക്കം വ്യക്തമാക്കുന്ന മൊഴി യുവതി നേരത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ഫറോക്ക് അസി. കമീഷണർ സജു കെ. അബ്രഹാം മുമ്പാകെയും കോടതി മുമ്പാകെയും നൽകിയിരുന്നു. ജർമനിയിലുള്ള രാഹുലിനെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമവും പൊലീസ് തുടരും.
ഒന്നാംപ്രതി രാഹുൽ നാട്ടിലില്ലാത്തതിനാൽ രണ്ട് മുതൽ അഞ്ചു വരെയുള്ള പ്രതികൾക്കെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചത്. രണ്ടാംപ്രതി രാഹുലിന്റെ അമ്മ ഉഷാകുമാരി, മൂന്നാംപ്രതി സഹോദരി കാർത്തിക, നാലാംപ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ്, അഞ്ചാംപ്രതി പന്തീരാങ്കാവ് പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ശരത്ത്‌ലാൽ എന്നിവരാണ്.
ഇതിൽ ശരത്ത്‌ലാൽ ചൊവ്വാഴ്ച ഉച്ചയോടെ അന്വേഷണ സംഘം മുമ്പാകെ ഹാജരായി. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇദ്ദേഹത്തിന്റെ മൊഴിയും രേഖപ്പെടുത്തി. രാഹുലിനെ സ്‌റ്റേഷനിൽനിന്ന് പരിചയപ്പെട്ടിരുന്നതായും തുടർന്ന് അദ്ദേഹത്തിന്റെ വീട്ടിൽ പോയതായും ശരത്ത്‌ലാൽ മൊഴി നൽകി. കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ പിന്നീട് ഇദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
മകളെ കാണാനില്ലെന്ന അച്ഛന്റെ പരാതിയിലാണ് യുവതിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയത്്. തുടർന്ന് ഇന്നലെ രാത്രി വിമാനമിറങ്ങിയതായി വിവരം കിട്ടിയതോടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.