കേരളം
നീണ്ട വിവാദങ്ങൾക്കൊടുവിൽ പാലാരിവട്ടം മേൽപ്പാലം തുറന്നു നൽകി
പാലാരിവട്ടം മേൽപ്പാലം തുറന്നു നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഇല്ലാതെയാണ് പാലം പൊതുജനങ്ങൾക്കായി തുറന്നു നൽകിയത്. അഞ്ച് മാസം കൊണ്ട് നിർമിച്ച പാലമെന്ന ഖ്യാതിയോടൊപ്പം സിഗ്നലില്ലാത്ത ജംഗ്ഷനെന്ന നേട്ടവും പാലാരിവട്ടത്തിന് സ്വന്തമായി.
ഉദ്ഘാടനം ഇല്ലായിരുന്നെങ്കിലും പാലത്തിലൂടെ മന്ത്രി ജി. സുധാകരൻ ആദ്യ യാത്രക്കാരനായി. സിപിഎം പ്രവർത്തകർ പാലത്തിലൂടെ ബൈക്ക് റാലി സംഘടിപ്പിച്ചു. ബിജെപിയും പ്രകടനം നടത്തി.
2016 ഒക്ടോബര്‍ 12 ന് പാലാരിവട്ടം പാലം യാഥാർത്ഥ്യമായതെങ്കിലും ആറു മാസം കൊണ്ട് തന്നെ പാലത്തിൽ കേടുപാടുകൾ കണ്ടെത്തി. പിയര്‍ ക്യാപ്പുകളിലും വിള്ളൽ സംഭവിച്ചതോടെ 2019 മേയ് ഒന്നിന് പാലം അറ്റകുറ്റപണിക്കായി അടച്ചു. പിന്നീട് പാലാരിവട്ടം പാലം സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത വിവാദങ്ങൾക്കും രാഷ്ട്രീയ കോലാഹലങ്ങൾക്കുമാണ്.
പാലത്തിന്റെ അവാസന മിനുക്ക് പണികൾ ശനിയാഴ്ച രാത്രിയോടെ പൂർത്തിയായി. പാലാരിവട്ടത്തെ ആദ്യ പാലം നിർമിക്കാൻ 28 മാസങ്ങളാണ് വേണ്ടി വന്നതെങ്കിൽ വെറും അഞ്ച് മാസവും 10 ദിവസവുമെടുത്താണ് ഡിഎംആർസിയും ഊരാളുങ്കൽ ലേബർ സൊസൈറ്റിയും ചേർന്ന് പാലം പുനർ നിർമിച്ചത്.