കേരളം
ശ്രീനിവാസൻ കൊലക്കേസ്; രണ്ടു പേർ കൂടി പിടിയിൽ
പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി പിടിയിൽ. ശ്രീനിവാസനെ വെട്ടിയ ആളുകളിലൊരാളും ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന. കേസിൽ കൂടുതൽ അറസ്റ്റുകളും ഇന്നുണ്ടാകും. പാലക്കാട് ജില്ലയിലെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ആറംഗ കൊലപാതക സംഘത്തില്‍ ഉള്‍പ്പെട്ട ഇക്ബാല്‍ എന്നയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതക സമയത്ത് ഇയാള്‍ ഓടിച്ച ആക്ടിവയും കണ്ടത്തി. കൊലയാളി സംഘത്തിന് അകമ്പടി പോയ ചുവന്ന കളറിലുള്ള മാരുതി കാറിലാണ് ആയുധമെത്തിച്ചതെന്നും തിരിച്ചറിഞ്ഞിരുന്നു. അവശേഷിക്കുന്ന രണ്ട് ബൈക്കുകളിലുള്ളവരെയും അത് ഓടിച്ചിരുന്നവരെയും തിരിച്ചറിഞ്ഞതായാണ് സൂചന. പ്രതികളിലേക്ക് വേഗമെത്താനാവുമെന്നാണ് അന്വേഷണം സംഘത്തിന്‍റെ പ്രതീക്ഷ.
അതേ സമയം, ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പാലക്കാട് ബിജെപി ഓഫീസിന് മുന്നിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. മൂന്ന് ബൈക്കുകൾക്ക് പുറമെ കാറും ഉപയോഗിച്ചായിരുന്നു അക്രമി സംഘം മേലാമുറിയിലേക്ക് പോയത്. സംഘത്തിന്റെ പക്കലുണ്ടായിരുന്ന ചുവന്ന സ്വിഫ്റ്റ് കാറിലാണ് ആയുധങ്ങൾ കരുതിയിരുന്നത്. മേലാമുറിക്കടുത്ത് വെച്ചാണ് ആയുധങ്ങൾ അക്രമി സംഘത്തിന് കൈമാറിയത്.
അതേസമയം സുബൈര്‍ വധക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടേയും തിരിച്ചറിയൽ പരേഡ് നടത്താനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി റിമാന്റിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ അടുത്ത ദിവസം കോടതിയിൽ നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.