കേരളം
നെല്ല് സംഭരണവില വിതരണം 13 മുതല്‍
ഈ സീസണിലെ നെല്ല് സംഭരണവില 13 മുതല്‍ പി.ആര്‍.എസ് വായ്പയായി എസ്.ബി.ഐ, കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ വഴി വിതരണം തുടങ്ങുമെന്ന് മന്ത്രി ജി ആര്‍ അനില്‍. പി.ആര്‍.എസ് വായ്പ വഴിയല്ലാതെ സംഭരിച്ച നെല്ലിന്റെ തുക കൊടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് സപ്ലൈക്കോയ്ക്ക് ഉള്ളത്. കര്‍ഷകരാണ് വായ്പ എടുക്കുന്നതെങ്കിലും തുകയും പലിശയും പിഴ പലിശ ഉണ്ടായാല്‍ അതും സപ്ലൈകോ പൂര്‍ണ്ണമായും അടച്ചു തീര്‍ക്കും. കര്‍ഷകന് ഇക്കാര്യത്തില്‍ ബാധ്യതയില്ല. സപ്ലൈക്കോയ്ക്കും സര്‍ക്കാരിനുമാണ് പൂര്‍ണ്ണമായ ഉത്തരവാദിത്തമെന്നും മന്ത്രി അറിയിച്ചു.
ഈ സീസണിലെ നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ‘ഇതിനകം സംസ്ഥാനത്താകെ 17680.81 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു കഴിഞ്ഞു. ആലപ്പുഴയില്‍ 8808.735 മെട്രിക് ടണ്ണും കോട്ടയത്ത് 1466.5 ലക്ഷം മെട്രിക് ടണ്ണും പാലക്കാട് 6539.4 മെട്രിക് ടണ്ണും നെല്ലാണ് സംഭരിച്ചത്. 11 മില്ലുകളാണ് നെല്ല് സംഭരണ പ്രവര്‍ത്തനങ്ങളുമായി നിലവില്‍ സഹകരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഔട്ട് ടേണ്‍ റേഷ്യോ 64.5 ശതമാനം ആയി മില്ലുടമകളുമായി കരാര്‍ ഒപ്പിട്ടിരുന്നുവെങ്കിലും നിലവിലുള്ള ഹൈക്കോടതി വിധി മൂലം കേന്ദ്രം നിശ്ചയിച്ച 68 ശതമാനത്തില്‍ നിന്നും വ്യത്യസ്തമായ വിധത്തില്‍ നിശ്ചയിക്കാന്‍ നിയമപരമായി സാധ്യമല്ല. ഈ റേഷ്യോ അംഗീകരിച്ച് കരാര്‍ ഒപ്പിടാന്‍ മറ്റ് മില്ലുകളും തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടില്ലാതെ മുന്നോട്ടു പോകാന്‍ മില്ലുടമകളടക്കമുള്ളവരെ സഹകരിപ്പിച്ചുകൊണ്ടുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.’ പ്രളയത്തില്‍ ഉപയോഗശൂന്യമായ നെല്ലിന്റെ നഷ്ടം നികത്താനായി 10 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത് ഇതിന്റെ ഭാഗമായാണെന്ന് മന്ത്രി പറഞ്ഞു.
‘സംസ്ഥാന പ്രോത്സാഹന ബോണസ് ഇനത്തില്‍ 200 കോടി രൂപ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. ബാങ്കുകളില്‍ നിന്നും പി.ആര്‍.എസ് വായ്പയായ 170 കോടിയിലധികം രൂപ ഇനിയും ലഭ്യമാക്കാന്‍ കഴിയും. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ള തുക നേടിയെടുക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനം നടക്കുന്നു. കഴിഞ്ഞ സീസണില്‍ 2,50,373 കര്‍ഷകരില്‍ നിന്ന് 7.31 ലക്ഷം മെട്രിക് ടെണ്‍ നെല്ല് സംഭരിച്ച വകയില്‍ നല്‍കേണ്ട 2061.94 കോടി രൂപയില്‍ 2031.41 കോടി രൂപയം നല്‍കി. ഇനി അയ്യായിരത്തോളം കര്‍ഷകര്‍ക്കായി 30 കോടിയോളം രൂപയാണ് നല്‍കാനുളളത്. പി.ആര്‍.എസ് വായ്പ എടുക്കാന്‍ തയ്യാറല്ലാത്തവരം സപ്ലൈക്കോ നേരിട്ട് പണം നല്‍കണം എന്ന് നിര്‍ബന്ധമുളളവരും ആണ് ഇവരില്‍ ഭൂരിപക്ഷവും എന്‍.ആര്‍.ഐ അക്കൗണ്ട്, മൈനര്‍ അക്കൗണ്ട്, കര്‍ഷകന്‍ മരണ്പെട്ട കേസുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. നവംബര്‍ പത്തിനകം കുടിശിക ലഭിക്കാനുള്ള കര്‍ഷകര്‍ അവരവര്‍ക്ക് അലോട്ട് ചെയ്ത ബാങ്കുകളില്‍ നിന്ന് പി.ആര്‍.എസ് വായ്പയായി തുക കൈപ്പറ്റണം. ബാങ്കുകള്‍ ഇതിനകം കര്‍ഷകരെ നേരില്‍ ബന്ധപ്പെട്ടിട്ടുണ്ട്.’ അക്കൗണ്ടുമായി ബന്ധപെട്ട് നിയമതടസമുള്ള കേസുകളില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ സപ്ലൈക്കോക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അനില്‍ വ്യക്തമാക്കി.