കേരളം
തീവ്രപരിചരണ വിഭാഗങ്ങളില്‍ ഓക്സിജന്‍ വിതരണം തകരാറില്‍…; മെഡിക്കല്‍ കോളജിന് ഫയര്‍ഫോഴ്സ് നോട്ടീസ്
ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ ഓക്സിജന്‍ വിതരണ സംവിധാനങ്ങള്‍ തകരാറിലെന്ന് ഫയര്‍ഫോഴ്സ് മുന്നറിയിപ്പ്. മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ഇന്‍റന്‍സിവ് കെയര്‍ യൂണിറ്റിലും ഓര്‍ത്തോ ഐ.സി.യുവിലുമാണ് അന്തരീക്ഷ അളവിനെക്കാള്‍ ഓക്സിജന്‍ തോത് കൂടുതലെന്ന്കണ്ടെത്തിയിരിക്കുന്നത്. ഇത് ഗൗരവതരമെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ അഗ്നിബാധ പോലുള്ള വന്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഉചിതമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റീജണല്‍ ഫയര്‍ഫോഴ്സ് ഓഫീസര്‍ ആശുപത്രി അധികൃതര്‍ക്ക് കത്ത് നല്‍കി.
കൊവിഡ് രോഗികള്‍ക്കായി വിവിധ ആശുപത്രികളില്‍ വ്യാപകമായി ഓക്സിജന്‍ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് അപകടങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഫയര്‍ഫോഴ്സ് വിഭാഗം ആശുപത്രികളില്‍ പരിശോധന നടത്തിവരുന്നത്. സംസ്ഥാനത്തുടനീളം കഴിഞ്ഞ മൂന്നു നാലുദിവസങ്ങളിലായി പരിശോധന നടന്നുവരുകയാണ്.
തലസ്ഥാനജില്ലയില്‍ മെഡിക്കല്‍ കോളജ്, ഫോര്‍ട്ട് ആശുപത്രി ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളിലും പത്തിലധികം സ്വകാര്യആശുപത്രികളിലുമാണ് പരിശോധന നടത്തിയത്. ഫയര്‍ഫോഴ്സിന് ലഭിച്ച രണ്ട് ഓക്സിജന്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സ്വകാര്യ ആശുപത്രികളില്‍ മിക്കതിലും കൃത്യമായ ശതമാനത്തിലായിരുന്നു തീവ്രപരിചരണവിഭാഗങ്ങളിലെ ഓക്സിജന്‍ അളവ്. 21^23.5 ശതമാനമാണ് സാധാരണപരിധി. എന്നാല്‍ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ ഈ ശതമാനത്തിലും കുടുതലെന്നാണ് കണ്ടെത്തിയത്.
ഓക്സിജന്‍ വിരണശൃംഖലയില്‍ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതു മൂലമാണ് ഇത് സംഭവിച്ചത്. ഓക്സിജന്‍ പൈപ്പിലും വാല്‍വുകളിലും നിന്നുള്ള ലീക്ക്, സിലിലണ്ടറുകള്‍, ഫേസ് മാസ്ക് എന്നിവയില്‍ നിന്നുള്ള ലീക്ക് തുടങ്ങി കാരണങ്ങളാലാണ് ഐ.സി.യു, അടച്ചിട്ടിരിക്കുന റൂമുകളില്‍ ഓക്സിസിജന്റെ അളവ് ഉയരാന്‍ കാരണമാകുന്നത്. ഇത്തരം സാഹചര്യത്തില്‍ അവിടെ ഉണ്ടായേക്കാവുന്ന ഷോര്‍ട്ട് സര്‍ക്യൂട്ട്, ഇലക്ട്രോസര്ജിക്കല് യൂനിറ്റില്‍ നിന്നുള്ള സ്പാര്‍ക്ക് എന്നിവ കാരണം വന്‍ അഗ്നിബാധയുണ്ടാകാന്‍ കാരണമാകുമെന്നും ഫയര്‍ഫോഴ്സ് മുന്നറിയിപ്പ് നല്‍കുന്നു.