കേരളം
ഓപ്പറേഷന് സാഗര്‍ റാണി; പരിശോധനകൾ ശക്തമാക്കുന്നു; പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു
മത്സ്യത്തിന്റെ മായം കണ്ടെത്താനും സുരക്ഷിത മത്സ്യം ജനങ്ങള്‍ക്ക് ഉറപ്പാക്കാനുമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന് സാഗര്‍ റാണി പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും ചേര്‍ത്തല, അരൂര്‍ എന്നിവിടങ്ങളില്‍ സംയുക്ത പരിശോധന നടത്തി.
പത്തു കിലോ പഴക്കം ചെന്ന മത്സ്യം കണ്ടെത്തി നശിപ്പിച്ചു. ചേര്‍ത്തല മത്സ്യമാര്‍ക്കറ്റ്, പൊന്നാവെളി മാര്‍ക്കറ്റ്, തുറവൂര്‍, തൈക്കാട്ടുശ്ശേരി എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ ഭക്ഷ്യ സുരക്ഷ ഓഫീസര്‍ വി. രാഹുല്‍രാജ്, ഫിഷറീസ് ഇന്‍സ്പെക്ടര്‍ ലീന ഡെന്നീസ്, രശ്മി എന്നിവര്‍ പങ്കെടുത്തു.
അതേസമയം സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന്റെ മറവില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും മായം കലര്‍ന്ന മത്സ്യം വ്യാപകമായി എത്തുന്നുവെന്ന ആക്ഷേപം ശക്തമാകുന്നുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും മായംചേര്‍ത്ത മത്സ്യ വില്പന തടയാന്‍ കാര്യമായ പരിശോധനകള്‍ നടത്തുന്നില്ലെന്ന പരാതിയുമുണ്ട്.ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ രാസവസ്തുക്കള്‍ കലര്ത്തുന്നുവെന്നത് കടുത്ത ആശങ്കയും ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുകയാണ്.
ബോട്ടുകള്‍ കടലില്‍ പോകാതായതോടെ നാട്ടിന്‍പുറത്ത് മത്സ്യവരവ് കുറഞ്ഞതാണ് മറ്റ് മേഖലകളില്‍ നിന്ന് മത്സ്യം കൊണ്ടുവരുന്നതിന് വഴിയൊരുക്കിയത്. ജില്ലയിലെ ചെങ്ങന്നൂര്‍, ആലപ്പുഴ, മാവേലിക്കര മേഖലകളില്‍ മൂന്ന് സ്ക്വാഡുകള്‍ നടത്തിയ പരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പതിനൊന്നു കേന്ദ്രങ്ങളില്‍നിന്ന് ഫോര്‍മാലിന്‍ കലര്‍ത്തിയ 300കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.
ചൂര, വങ്കട, കേര, അയല തുടങ്ങിയ മത്സ്യങ്ങളാണ് പിടിച്ചെടുത്തത്. കാര്‍ത്തികപ്പള്ളി താലൂക്കില്‍ പട്ടോളിമാര്‍ക്കറ്റ്, ഡാണാപ്പടി, പുല്ലുകുളങ്ങര, കണ്ടല്ലൂര്‍ എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളില്‍ കഴിഞ്ഞ ദിവസം 127 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നുണ്ടെങ്കിലും മീനിലെ രാസവസ്തു സാന്നിദ്ധ്യം കണ്ടെത്തുന്നതിലെ പ്രായോഗികവും, സാങ്കേതികവുമായ ബുദ്ധിമുട്ടുകളുമുണ്ട്.