കേരളം
മുല്ലപ്പെരിയാറിൽ ആശങ്ക വേണ്ട, ഇടുക്കി അണക്കെട്ട് തുറക്കുന്നത് എറണാകുളത്തെ സ്ഥിതി പരിശോധിച്ചശേഷം
മുല്ലപ്പെരിയാറിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കി അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച തീരുമാനം എറണാകുളത്തെ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരിയാറിൽ ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ മാത്രമേ എന്തെങ്കിലും തരത്തിൽ മുന്നറിയിപ്പിന്റെ ആവശ്യമൊള്ളു എന്നാണ് മന്ത്രി പറഞ്ഞത്.
മുല്ലപ്പെരിയാറിലെ റൂൾകർവ് 137.5 ആണ്. 135.5 ആയപ്പോൾ തന്നെ തമിഴ്‌നാട് സർക്കാരിന് കത്ത് നൽകി. ഇപ്പോൾ 10 ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ഇപ്പോൾ 1870 ക്യുസെക്‌സ് വെള്ളമാണ് ഒഴുക്കിവിടുന്നത്, മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ തുറന്നതിനാൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.