കേരളം
സ്കൂള്‍ തുറക്കൽ; വിദ്യാലയങ്ങൾ തയ്യാർ, ക്രമീകരണങ്ങൾ ഉറപ്പ് വരുത്തിയെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് നാളെ സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾ സ്കൂളുകളിലേക്ക് എത്തുമ്പോൾ എല്ലാവരും ഒരുപോലെ മുൻ കരുതൽ പാലിക്കണം. മാസ്ക് ധരിക്കുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. സ്കൂൾ തുറക്കുന്നത് വിദ്യാഭ്യാസരംഗത്ത് വൻ ഉണർവുണ്ടാക്കും.
കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ പ്രയാസം നേരിട്ടത് കുട്ടികളാണ്. വളർച്ചയുടെ നാളുകൾ അവർക്ക് നഷ്ടമായി. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ഹോമിയോ പ്രതിരോധ മരുന്ന് എല്ലാ കുട്ടികൾക്കും നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി എ.കെ.ജി. മെമ്മോറിയൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി ബ്ലോക്ക് ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
”ഒരു ഇടവേളക്ക് ശേഷം കുട്ടികൾ സ്കൂളിലേക്ക് എത്തുന്ന നാളെ കേരളത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണ്. സ്കൂളുകളിൽ എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്. കൊവിഡ് വാക്സീൻ പരമാവധി എല്ലാവർക്കും ലഭ്യമാക്കിയ സാഹചര്യത്തിലാണ് സ്കൂൾ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. കുട്ടികൾ നേരിട്ട് സ്കൂളിലേക്ക് എത്തുന്നതോടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഉണർവുണ്ടാകും. കുട്ടികളുമായി ഇടപെടുന്ന സാഹചര്യത്തിൽ മാതാപിതാക്കളെല്ലാവരും വാക്സീൻ സ്വീകരിക്കണം. എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് പടർന്ന് പിടിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജീകരിച്ച ഓൺലൈൻ പഠനം വിജയകരമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ എത്തിക്കാനുള്ള സൗകര്യം ഒരുക്കി. എല്ലാവരും ഒരുമിച്ചതോടെ ഡിജിറ്റൽ പഠനം വലിയ വിജയമാക്കിത്തീർക്കാൻ സാധിച്ചു. കൊവിഡിനെയും ഒരു പരിധിയോളം പിടിച്ച് കെട്ടാൻ കേരളത്തിന് സാധിച്ചു. ജനങ്ങളുടെ ഒരുമയും ഐക്യവും ഇതിന് മുതൽക്കൂട്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.