കേരളം
ഓൺലൈൻ ഫിഷിങ് സൈറ്റുകൾ വ്യാപകമാകുന്നു; സൂക്ഷിക്കുക
ഒരു വ്യക്തിയെ കബളിപ്പിച്ച് തന്ത്രപ്രധാന വിവരങ്ങൾ തട്ടിയെടുക്കുന്നതിനോ, കമ്പ്യൂട്ടറുകളിൽ ആക്രമണകാരികളായ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുന്നതിനോ ഉപയോഗിക്കുന്ന സോഷ്യൽ എൻജിനിയറിംഗ് രീതിയാണ് ഫിഷിംഗ്. ഇത്തരം തട്ടിപ്പുകൾ കൂടിവരുകയാണ്.
ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ അപകടകരമായ ലിങ്കുകൾ അയച്ചു നൽകി, അതിൽ ക്ലിക്ക് ചെയ്യുമ്പോൾ കുറ്റവാളികൾ ഫോണിന്റെയും, കമ്പ്യൂട്ടറിന്റെയും നിയന്ത്രണം കൈക്കലാക്കും. അക്കൗണ്ട് ഉടമ അറിയാതെ പണം പിൻവലിക്കും. മറ്റ് സമൂഹവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചേക്കാം.
സമ്മാനം ലഭിക്കുന്നതിനുവേണ്ടി അവർ നൽകുന്ന ലിങ്ക് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്കോ, അല്ലെങ്കിൽ വാട്‌സ് ആപ്പ് നമ്പറിലേക്കോ അയച്ചു നൽകാനും പറയും. ബാങ്ക് അക്കൗണ്ട്, ആധാർ കാർഡ്, ഫോട്ടോ, ഫോൺ നമ്പർ തുടങ്ങിയവ നൽകാൻ ആവശ്യപ്പെടും. പണം നൽകാൻ പ്രലോഭിപ്പിക്കും, ഭീഷണിപ്പെടുത്തും.
വ്യാപകമായി ഉപയോഗിക്കുന്ന ഫിഷിംഗ് രീതിയിലൂടെയാണ് തട്ടിപ്പ്. ഓൺലൈനിൽ കബളിപ്പിക്കപ്പെടുന്നത് അശ്രദ്ധ മൂലമാണ്. ഓൺലൈനിൽ എപ്പോഴും നിരീക്ഷണ വലയങ്ങൾക്കുള്ളിലാണെന്ന് മറക്കരുത്. സ്വയം അച്ചടക്കവും സൂക്ഷ്മതാമനോഭാവവും പിൻതുടരുന്നത് ചതിക്കുഴികളിൽ വീഴാതിരിക്കാൻ സഹായിക്കും.