കേരളം
ഓൺലൈൻ ലോൺ തട്ടിപ്പുകൾ പെരുകുന്നു; മരിച്ചാലും വെറുതെ വിടില്ല, നിജോയുടെ ഭാര്യയുടെ മോർഫ് ചെയ്ത ഫോട്ടോ ഇന്നും അയച്ചു
ഓൺലൈൻ ആപ്പ് വായ്പ്പ സംഘം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കടമക്കുടിയിലെ ദമ്പതികളെ മരണ ശേഷവും വിടാതെ ലോൺ ആപ്പുകൾ. മോർഫ് ചെയ്ത അശ്ലീല ഫോട്ടോ അയച്ച് ലോൺ ആപ്പുകളുടെ ഭീഷണി തുടരുകയാണ്. മരിച്ച നിജോയുടെ ഭാര്യയുടെ മോർഫ് ചെയ്ത ഫോട്ടോകളാണ് ബന്ധുക്കൾക്ക് അയച്ചത്. ഇന്ന് രാവിലെയും ബന്ധുക്കളുടെ ഫോണുകളിൽ ഫോട്ടോകളെത്തിയെന്ന് ബന്ധുക്കൾ പറഞ്ഞു. കൂട്ട ആത്മഹത്യയിൽ ഓൺലൈൻ ആപ്പിനെതിരെ വരാപ്പുഴ പൊലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാൽ ഭീഷണി ഇപ്പോഴും തുടരുകയാണെന്ന് സഹോദരൻ ടിജോ പറഞ്ഞു.
എണാകുളം ജില്ലയിലെ കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കടമക്കുടി മാടശ്ശേരി വീട്ടില്‍ നിജോ, ഭാര്യ ശില്‍പ, മക്കളായ ഏഴ് വയസുകാരന്‍ എബല്‍, അഞ്ച് വയസുകാരന്‍ ആരോണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് വീടിന് മുകളിലത്തെ മുറിയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസമാണ് ആത്മഹത്യയിലേക്ക് എത്തിയതെന്നായിരുന്നു വിവരം. കടബാധ്യതയും സാമ്പത്തിക പ്രശ്നങ്ങളുമാണ് ആത്മഹത്യക്ക് കാരണം എന്ന നിഗമനത്തിലായിരുന്നു പൊലീസ്.
അതിനിടെയാണ് മരിച്ച യുവതി ഓൺലൈൻ ആപ്പ് വഴി എടുത്ത വായ്പ തിരിച്ചടയ്ച്ചിട്ടില്ല എന്ന് ആരോപിച്ച് ഭീഷണി സന്ദേശങ്ങൾ ലഭിച്ച വിവരം അറിയുന്നത്. യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങളും ലോൺ അടക്കാൻ സമ്മർദ്ദം ചെലുത്തുന്ന തരത്തിൽ ഓഡിയോ സന്ദേശങ്ങളും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകളിൽ എത്തി. സാമ്പത്തിക പ്രശ്നങ്ങൾക്ക് പുറമെ ചിത്രങ്ങൾ പ്രചരിച്ചതായി അറിഞ്ഞതോടും കൂടിയാണ് യുവതിയും ഭർത്താവും കടുംകൈക്ക് മുതിർന്നത്.
അതേസമയം സംസ്ഥാനത്ത് ഓൺലൈൻ ലോൺ തട്ടിപ്പുകൾ പെരുകുന്നുവെന്ന് സൈബർ സെൽ. ഈ വർഷം ഇതുവരെ 1440 പരാതികളാണ് ലഭിച്ചത്. തട്ടിപ്പിനിരയാകുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും സൈബർ സെൽ വ്യക്തമാക്കുന്നു. കൊച്ചിയിലെ കൂട്ട ആത്മഹത്യക്ക് കാരണം ലോൺ കെണിയാണെന്ന പരാതിക്ക് പിന്നാലെയാണ് ആശങ്കപ്പെടുത്തുന്ന കണക്കുകൾ പുറത്തുവരുന്നത്.
കേരളത്തിൽ ഈ വർഷം ഇതുവരെ പൊലീസിന് ലഭിച്ചത് 14897 ഓൺലൈൻ തട്ടിപ്പ് പരാതികൾ. ഇതിൽ പത്ത് ശതമാനവും ലോൺ ആപ്പുകളെ സംബന്ധിച്ചുള്ളതാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്റനെറ്റിൽ ലോൺ എന്ന് തിരഞ്ഞാൽ ആപ്പുകളുടെ പരസ്യമെത്തും. ഫോണിലെ ലൊക്കേഷനും, കോണ്ടാക്റ്റും, ഫോട്ടോസും പങ്കിടാൻ അനുവാദം നൽകുന്നതോടെ സെക്കന്റുകൾക്കുള്ളിൽ ലോൺ റെഡി. തിരിച്ചടവ് മുടങ്ങിയാലും, ചിലപ്പോൾ തിരിച്ചടവ് പൂർത്തിയാക്കിയാൽ പോലും പണം ആവശ്യപ്പെട്ട് ലോൺ ആപ്പുകാർ ഭീഷണിപ്പെടുത്തും.
പണം നൽകിയില്ലെങ്കിൽ അശ്ലീലചിത്രങ്ങളിൽ മുഖം മോർഫ് ചെയ്ത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കും. ഈ ചതിയിൽ പെടുന്നവരിൽ അധികവും സ്ത്രീകളാണ്. അതേസമയം സഹകരണ ബാങ്കുകളും, തൊഴിലാളി സംഘങ്ങളും സജീവമായതിനാൽ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഓൺലൈൻ ലോൺ തട്ടിപ്പ് വളരെ കുറവാണെന്നും സൈബർ പൊലീസ് അറിയിക്കുന്നു. 25 പരാതികളിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നുണ്ട്. എന്നാൽ അന്വേഷണം പലപ്പോഴും സാങ്കേതിക പരിമിതികളിൽ തട്ടി പൂർത്തിയാക്കാനാവില്ല. അത്യാവശ്യത്തിന് പണമൊപ്പിക്കാൻ എടുക്കുന്ന ഓൺലൈൻ ലോണുകൾ ജീവൻ തന്നെ കവർന്നെടുക്കുന്നതാണ് നിലവിലെ കാഴ്ച. ഇത്തരം ഇടപാടുകളിൽ അതീവ ശ്രദ്ധ വേണം. ഒപ്പം നിയമനടപടികൾ ശക്തമാക്കുക കൂടിയാണ് തട്ടിപ്പുകൾ നിയന്ത്രിക്കാനുള്ള പോംവഴി.