Covid 19
മഹാമാരി വ്യാപനത്തിന് തുടക്കമിട്ടിട്ട് ഇന്ന് ഒരു വർഷം
2020 മാർച്ച് എട്ട്. റാന്നിയുടെ ചരിത്രത്തിലെ കറുത്ത ദിനം. റാന്നി ഐത്തല നിവാസികളായ അഞ്ചുപേർക്ക് കോവിഡെന്ന മഹാമാരി സ്ഥിരീകരിച്ച ദിവസം. കേരള ജനതയാകെ ഈ വാർത്തയറിഞ്ഞ് ഞെട്ടിത്തരിച്ച നാൾ. രണ്ടുദിനങ്ങൾകൂടി കടന്നപ്പോൾ രോഗികളുടെ എണ്ണം രണ്ടക്കം കടന്നതോടെ റാന്നി ഭീതിയുടെയും ആശങ്കകളുടെയും നടുവിലായി. സമ്പർക്കപ്പട്ടികക്കാരുടെ എണ്ണം കൂടിക്കൂടിവന്നതോടെ ആരും നിർദേശിക്കാതെ റാന്നി സ്വയം ലോക്ഡൗണിലേക്ക് കടന്നുപോയി.
കേരളത്തിൽ മഹാമാരി രണ്ടാംവട്ടം സ്ഥിരീകരിച്ചതിന്റെ ഒന്നാംവർഷമാണ് തിങ്കളാഴ്ച. ഇറ്റലിയിൽനിന്നെത്തിയ കുടുംബത്തിലെ മൂന്നംഗങ്ങൾക്കും ബന്ധുക്കളായ രണ്ടുപേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഐത്തല പട്ടയിൽ മോൻസി ഏബ്രഹാം, ഭാര്യ രമണി, മകൻ റിജോ എന്നിവർക്കും മോൻസിയുടെ സഹോദരൻ പി.എ.ജോസഫ്, ഭാര്യ ഓമന എന്നിവർക്കുമാണ് രോഗം പിടിപെട്ടത്. മാർച്ച് ആറിന് ഇവരെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾതന്നെ ആരോഗ്യ വകുപ്പ് നടപടികൾ തുടങ്ങി. രോഗം ബാധിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ട മുന്നൂറിലധികംപേരുടെ പട്ടിക, മാർച്ച് എട്ടിന് രാവിലെ 10.30-ന് ആരോഗ്യവകുപ്പ് മന്ത്രി രോഗം സ്ഥിരീകരിച്ച വിവരം ഒദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ്തന്നെ തയ്യാറാക്കിയിരുന്നു.
മഹാമാരിയുടെ വരവറിയുന്നത് പി.എ.ജോസഫിലൂടെയാണ്. പനിബാധിച്ച് റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണത്. മെഡിക്കൽ സൂപ്രണ്ട് ഡോ. ശംഭുവും ഡോ. ആനന്ദും ജോസഫിന് കോവിഡ് രോഗമാണെന്ന് സംശയിച്ചു. ജോസഫിനെയും ഭാര്യ ഒാമനയെയും ഇറ്റലിയിൽനിന്നെത്തിയ കുടുംബാംഗങ്ങളെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റി. ഇവരുടെ സ്രവ പരിശോധനയിലാണ് മാർച്ച് എട്ടിന് പുലർച്ചെ രോഗം സ്ഥിരീകരിച്ചത്.
സമ്പർക്കപ്പട്ടികയിൽപ്പെട്ട മോൻസിയുടെ മാതാപിതാക്കളായ ഏബ്രഹാം തോമസും(93), ഭാര്യ മറിയാമ്മ(89), മകൾ റിനി, മരുമകൻ റോബിൻ, കുടുംബസുഹൃത്തുക്കളായ ജണ്ടായിക്കൽ പാരുമലയിൽ ഷേർളി ഏബ്രഹാം, മകൾ ഗ്രീഷ്മ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
14 പേർക്ക് രോഗം സ്ഥിരീകരിക്കുകയും അഞ്ഞൂറിലേറെപ്പേർ വീട്ടിൽനിന്ന് പുറത്തിറങ്ങാനാവാത്ത നിലയിൽ നിരീക്ഷണത്തിലാവുകയും ചെയ്തതോടെ റാന്നി അറിയാതെ ലോക്ഡൗണിലേക്ക് മാറി. മാർച്ച് മുപ്പതോടെ ആദ്യം പ്രവേശിപ്പിക്കപ്പെട്ടവരും ഏപ്രിൽ ആദ്യം വയോധികരായ ഏബ്രഹാം തോമസും ഭാര്യ മറിയാമ്മയും രോഗം ഭേദമായി വീടുകളിലെത്തി. വയോധികർ കോവിഡിനെ അതിജീവിച്ചത് ഏറെ ലോകശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ക്രിസ്മസ് തലേന്ന് ഏബ്രഹാം തോമസ് വാർധക്യസഹജമായ അവശതകളാൽ മരിച്ചു. ഏതാനും മാസങ്ങൾക്കുമുമ്പ് മോൻസിയും കുടുംബവും ഇറ്റലിയിലേക്ക് മടങ്ങി.
എറണാകുളം, തൃശ്ശൂർ, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലായി 2020 മാർച്ച് എട്ടിനും 12-നുമിടയിൽ ഒൻപതുപേർക്കുകൂടി രോഗം ബാധിച്ചു.