കേരളം
മൂന്നിലൊരാൾ പ്രീ-ഡയബെറ്റിക്; പത്തിലൊരാൾ വിഷാദരോഗി; ഇന്ത്യക്കാരുടെ ആരോഗ്യം ഗുരുതര നിലയിൽ
ലോകത്ത് ഏറ്റവുമധികം ക്യാൻസർ രോഗികളുള്ളത് ഇന്ത്യയിൽ എന്നു കണക്ക്. പകർച്ചവ്യാധി ഇതര രോഗങ്ങളുമായി ബന്ധപ്പെട്ട് അപ്പോളോ ആശുപത്രി ഗ്രൂപ്പ് നടത്തിയ ഹെൽത്ത് ഓഫ് നേഷൻ സർവേയെ അടിസ്ഥാനമാക്കി വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടിൽ ഇന്ത്യയെ “ക്യാൻസർ ക്യാപിറ്റൽ ഓഫ് ദി വേൾഡ്” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
രാജ്യത്ത് മൂന്നിലൊന്ന് ആളുകൾ പ്രീ-ഡയബെറ്റിക് ആണെന്നും മൂന്നിൽ രണ്ടു പേർ ഹൈപർടെൻസീവ് ആണെന്നും പത്തിൽ ഒരാൾ വിഷാദ രോഗിയെന്നും റിപ്പോർട്ട് പറയുന്നു. ക്യാൻസർ, ഹൈപർടെൻഷൻ, ഡയബെറ്റിക്സ്, ഹൃദയ സംബന്ധമായ അസുഖങ്ങളും മാനസിക ആരോഗ്യപ്രശ്നവും നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്.
യുവാക്കൾക്കിടയിൽ പ്രമേഹവും വിഷാദവും ഉയർന്നത് ആശങ്കാജനകമെന്ന് റിപ്പോർട്ട് പറയുന്നു. ഇതിനുപുറമേ രാജ്യത്ത് ക്യാൻസർ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നത് ഇന്ത്യയുടെ ആരോഗ്യരംഗത്തെ അതീവ ഗുരുതരമായ അവസ്ഥയിലേക്കാണ് തള്ളിവിട്ടത്. സ്ത്രീകളിൽ സ്തനാർബുദം, സെർവിക്സ് ക്യാൻസർ (ഗർഭാശയമുഖ ക്യാൻസർ) , ഓവേറിയൻ ക്യാൻസർ (അണ്ഡാശയ അർബുദം) തുടങ്ങിയവ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ശ്വാസകോശ ക്യാൻസറും മൗത്ത് (വായ) ക്യാൻസറും പ്രൊസ്റ്റേറ്റ് കാൻസറുമാണ് പുരുഷൻമാരിൽ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്.