കേരളം
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കി പോക്‌സ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കി പോക്‌സ് സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ 30 കാരനാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. ജൂലൈ 27 നാണ് ഇദ്ദേഹം യുഎഇയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത്. ഇയാള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചായി. മലപ്പുറത്തെ രണ്ടാമത്തെ കേസാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് കൈക്കൊണ്ടിട്ടുണ്ട്.
നേരത്തെ മലപ്പുറം സ്വദേശിയായ ഒരു യുവാവിന് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്ത് ചികിത്സക്കെത്തിയ കൊല്ലം സ്വദേശിക്കാണ് ആദ്യം രോഗബാധ കണ്ടെത്തുന്നത്. തുടര്‍ന്ന് കണ്ണൂരിലും മലപ്പുറത്തും രോഗബാധ സ്ഥിരീകരിച്ചു. നാലാമതായിട്ടാണ് തൃശൂരിലെ യുവാവിന് കുരങ്ങുപനി കണ്ടെത്തുന്നത്.
22 കാരനായ ഈ യുവാവ് കഴിഞ്ഞദിവസം മരിച്ചിരുന്നു. ഇയാളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തിലാണ്. രാജ്യത്തെ ആദ്യ മങ്കി പോക്സ് രോഗിയായ കൊല്ലം സ്വദേശി കഴിഞ്ഞദിവസം രോഗമുക്തി നേടി ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് പോയിരുന്നു.
ലോകത്ത് ഏതാണ്ട് 60 ഓളം രാജ്യങ്ങളില്‍ മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ വിശദാംശങ്ങള്‍ കൃത്യമായി അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.