കേരളം
സംസ്ഥാനത്ത് ഓണക്കിറ്റ് നാളെ മുതൽ വിതരണം ചെയ്യും; ആദ്യം ലഭിക്കുന്നത് മഞ്ഞ കാർഡുകാർക്ക്
ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ റേഷന്‍കാര്‍ഡുടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. വൈകിട്ട് നാലിന് അയ്യങ്കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യ മന്ത്രി. ജി.ആര്. അനില്‍ അധ്യക്ഷനാവും. മന്ത്രിമാരായ ആന്റണി രാജു, വി. ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും.
ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനവും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടക്കും. കിറ്റിന്റെ വിതരണം നാളെ മുതൽ ആരംഭിക്കും. മഞ്ഞ കാർഡ് ഉടമകൾക്കാണ് ആദ്യം കിറ്റ് ലഭ്യമാക്കുക. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ ഓണക്കിറ്റ്. ആഗസ്റ്റ് 23, 24 തീയതികളില്‍ മഞ്ഞ കാര്‍ഡുടമകള്‍ക്കും ആഗസ്റ്റ് 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡുടമകള്‍ക്കും 29, 30, 31 തീയതികളില്‍ നീല കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ ഒന്നു മുതല്‍ മൂന്നു വരെ വെള്ള കാര്‍ഡുടമകള്‍ക്കും കിറ്റുകള്‍ വിതരണം ചെയ്യും.
കാര്‍ഡുടമകള്‍ക്ക് അവരവരുടെ റേഷന്‍കടകളില്‍ നിന്നും കിറ്റുകള്‍ കൈപ്പറ്റാം. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പോര്‍ട്ടബിലിറ്റി സംവിധാനം കിറ്റുകള്‍ കൈപ്പറ്റുന്ന കാര്യത്തില്‍ ഒഴിവാക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്. അനില്‍ അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങളിലേക്കും ആദിവാസി ഊരുകളിലേയ്ക്കുമുള്ള ഭക്ഷ്യ കിറ്റുകള്‍ വാതില്‍പ്പടി സേവനമായി വിതരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.