കേരളം
ഓണം ബമ്പര്‍ തമിഴ്മണ്ണിലേക്ക്; ഭാഗ്യം നാലുപേരെടുത്ത ടിക്കറ്റിന്; ടിക്കറ്റെടുത്തത് ആശുപത്രി ആവശ്യത്തിനായി പാലക്കാടെത്തിയപ്പോള്‍
ഓണം ബമ്പര്‍ തമിഴ്മണ്ണിലേക്ക്. തിരുപ്പൂര്‍ സ്വദേശികളാണ് 25 കോടിയുടെ ഭാഗ്യം സ്വന്തമാക്കിയത്. തിരുപ്പൂര്‍ സ്വദേശികളായ നടരാജന്‍, തങ്കരാജ്, തങ്കസ്വാമി, സ്വാമിനാഥന്‍ എന്നീ നാലുപേരാണ് 25 കോടി നേടിയത്. ഇതില്‍ അന്നൂര്‍ സ്വദേശി നടരാജന്റെ ആശുപത്രി ആവശ്യാര്‍ത്ഥം പാലക്കാട് എത്തിയപ്പോഴാണ് നാല് സുഹൃത്തുക്കളും ലോട്ടറി എടുത്തത്. മൂന്ന് ടിക്കറ്റുകളാണ് ഈ സംഘം എടുത്തത്. അതില്‍ ഒരു ടിക്കറ്റിനാണ് വലിയ ഭാഗ്യം തുണച്ചത്.
ബമ്പര്‍ തുക തുല്യമായി വീതിച്ചെടുക്കാനാണ് നാലുപേരും തീരുമാനിച്ചിരിക്കുന്നത്. ലോട്ടറി ടിക്കറ്റ് നടരാജന്‍ അധികൃതര്‍ക്ക് കൈമാറി. നാലുപേരുടേയും ജോയിന്റ് അക്കൗണ്ടിലേക്ക് പണം കൈമാറും.
TE 230662 എന്ന നമ്പരിലുള്ള ടിക്കറ്റാണ് സമ്മാനത്തിന് അര്‍ഹമായത്. കോഴിക്കോട് സ്വദേശി ഷീബ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷീബയുടെ ബാവ ലോട്ടറി ഏജന്‍സി പാലക്കാട് വിറ്റ ടിക്കറ്റാണ് 25 കോടിയുടെ ഭാഗ്യസമ്മാനം നേടിയത്. ബാവ ഏജന്‍സിയുടെ വാളയാറിലെ കടയില്‍ നിന്നാണ് ലോട്ടറി വിറ്റത്.