Uncategorized
ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു
ഇന്ത്യന്‍ മുന്‍ ഫുട്‌ബോള്‍ താരം ഒളിമ്പ്യന്‍ ഒ ചന്ദ്രശേഖരന്‍ അന്തരിച്ചു. 1960 ലെ റോം ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 1962 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ടീമിലും ചന്ദ്രശേഖരന്‍ ഉണ്ടായിരുന്നു.
ഇരിങ്ങാലക്കുട ഗവ. ഹൈസ്കൂളിൽ പന്തു തട്ടിയായിരുന്നു തുടക്കം. തൃശൂർ സെന്റ് തോമസ് കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും കളി തുടർന്നു. തുടർന്ന് ബോംബെ കാൾട്ടക്സിൽ ചേർന്നു. 1958 മുതൽ 1966 വരെ ഇന്ത്യൻ ജേഴ്സിയിൽ തിളങ്ങിയ ചന്ദ്രശേഖരൻ, ഇന്ത്യൻ ഫുട്ബോളിലെ സുവർണ നിരയുടെ പൊട്ടാത്ത പ്രതിരോധനിരയിലെ കണ്ണിയായിരുന്നു.
ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായും ചന്ദ്രശേഖരൻ തിളങ്ങി. 1962ലെ ടെൽ അവീവ് ഏഷ്യൻ കപ്പിൽ വെള്ളി. 1959, 1964 മെർദേക്ക ഫുട്ബോളിലും വെള്ളിത്തിളക്കം. 1964 ടോക്യോ ഒളിമ്പിക്സിനുള്ള യോഗ്യതാ മത്സരങ്ങൾ കളിച്ചു. പക്ഷേ, ഇന്ത്യക്ക് യോഗ്യത നേടാനായില്ല.
1956- 1966 കാലത്ത് മഹാരാഷ്ട്രയ്‌ക്കായി സന്തോഷ് ട്രോഫി കളിച്ചു. 1963ൽ ക്യാപ്റ്റനായി കപ്പ് നേടി. ഇന്ത്യൻ ടീമിൽനിന്ന് വിരമിച്ചശേഷം 1966ൽ എസ്ബിഐയിൽ ചേർന്നു. അവിടെ ഏഴുവർഷം ജോലിക്കൊപ്പം പരിശീലകന്റെയും കളിക്കാരന്റെയും റോളും വഹിച്ചു. കളി നിർത്തിയശേഷം കേരള ടീമിന്റെ സെലക്ടറും ,കൊച്ചി കേന്ദ്രമായി തുടങ്ങിയ എഫ്സി കൊച്ചിൻ ടീമിന്റെ ജനറൽ മാനേജരുമായി പ്രവർത്തിച്ചിട്ടുണ്ട്.