കേരളം
വാഹനപരിശോധനയ്ക്കിടെ ഉദ്യോഗസ്ഥര്‍ക്ക് ചിത്രങ്ങളെടുക്കാം; നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കേസെടുക്കുമെന്ന് പോലീസ്
അടുത്തിടെ വാഹനപരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ദമ്പതികളുടെ ചിത്രമെടുത്തത് വന്‍ വിവാദമായിരുന്നു. വൈക്കത്ത് ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ദമ്പതിമാരുടെ ചിത്രമെടുത്തത് നാട്ടുകാര്‍ തടഞ്ഞതാണ് പ്രശ്‍നങ്ങളുടെ തുടക്കം.
എന്നാല്‍ ഗതാഗത നിയമ ലംഘനങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി ഇ-ചലാന്‍ വഴി പിഴ ചുമത്താന്‍ എന്‍ഫോഴ്‍സ്‍മെന്‍റ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കുകയാണ് മോട്ടോര്‍വാഹനവകുപ്പ്. ഉദ്യോഗസ്ഥരെ തടയുന്നത് കുറ്റകരമാണെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ പൊലീസ് കേസെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
നിയമം ലംഘിക്കുന്ന വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ ലഭിക്കും വിധം ചിത്രമെടുത്താല്‍ മാത്രമേ ഇ-ചലാനില്‍ പിഴ ചുമത്താന്‍ സാധിക്കുകയുള്ളു. അതിനാല്‍ ചിത്രമെടുക്കുന്നത് പരിശോധനയുടെ ഭാഗമാണെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നു. നിലവില്‍ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ക്കാണ് ഇ-ചലാന്‍ സംവിധാനമുള്ളത്. വാഹനങ്ങളില്‍ യാത്രചെയ്യുന്നവരെ തടസപ്പെടുത്താതിരിക്കുന്നതിനാണ് സ്‍മാര്‍ട്ട് പരിശോധന നടത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ഗതാഗത നിയമലംഘനങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിക്കുന്ന മൊബൈല്‍ഫോണുകള്‍ ഇ-ചലാന്‍ സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ചിത്രമെടുത്താല്‍ ഉടന്‍തന്നെ ചെക്ക് റിപ്പോര്‍ട്ട് തയ്യാറാക്കി വാഹന്‍-സാരഥി വെബ് സൈറ്റില്‍ ചേര്‍ക്കും. പിഴ ചുമത്തിയത് സംബന്ധിച്ച് വാഹന ഉടമയ്ക്ക് എസ്എംഎസും ലഭിക്കും.
അതേസമയം വൈക്കം സംഭവത്തില്‍ നാട്ടുകാരായ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. പിഴ ചുമത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്‍ചയാണ് സംഭവം. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. പിന്‍സീറ്റിലിരുന്ന യുവതി ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല.
വാഹനരേഖകൾ ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ ഫോട്ടോ എടുത്തതോടെ തര്‍ക്കമായി. തുടര്‍ന്ന് നാട്ടുകാരും പ്രതിഷേധവുമായി എത്തി ഉദ്യോഗസ്ഥരെ തടഞ്ഞു. ഉദ്യോഗസ്ഥര്‍ മദ്യപിച്ചിട്ടുണ്ടെന്നും ആരോപിച്ചു. തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഉദ്യോഗസ്ഥരെ തടഞ്ഞ വീഡിയൊ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് കാണിച്ച് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.