Covid 19
ഏറ്റവും കൂടുതൽ പേർ കൊവിഡ് ചികിത്സയിലുള്ളത് കേരളത്തിൽ
രാജ്യത്ത് കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് കേരളത്തിൽ. 2186 പേരാണ് കേരളത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കേരളം കഴിഞ്ഞാൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത്. 1,763 പേരാണ് മഹാരാഷ്ട്രയിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
ഗുജറാത്തിലും ആയിരത്തിന് മുകളിലാളുകൾ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. അതേസമയം, മിസോറാം, ത്രിപുര, അരുണാചൽപ്രദേശ്, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗർഹവേലി ദാമൻ ദിയു, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലും രോഗം ബാധിച്ച് ആരും ചികിത്സയിലില്ല.ഇന്ത്യയിൽ 1590 പേർക്കാണ് പുതുതായി ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 146 ദിവസത്തിനിടയിലുള്ള ഏറ്റവും ഉയർന്ന കോവിഡ് ബാധയാണിത്.
910 പേരാണ് കോവിഡിൽ നിന്നും കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ ഇന്ത്യയിലെ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 8,601 ആയി ഉയർന്നു. ആറ് പേർ കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിൽ മൂന്ന് പേരും കർണാടക, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.33 ശതമാനമാണ്. അതേസമയം, കോവിഡ് പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്.