കേരളം
അതീവ സുരക്ഷ മേഖലയിലെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; പ്രതിപക്ഷ എംഎല്‍എമാരുടെ പിഎമാര്‍ക്ക് നോട്ടീസ്
നിയമസഭാസമ്മേളനത്തിനിടെ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ചേംബര്‍ ഉപരോധിച്ചപ്പോള്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ ഏഴ് പ്രതിപക്ഷ എംഎല്‍എമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളോട് സ്പീക്കര്‍ വിശദീകരണം തേടി.ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുള്ള അതീവ സുരക്ഷ മേഖലയില്‍ ചട്ടവിരുദ്ധമായി ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനാണ് സ്പീക്കര്‍ വിശദീകരണം തേടി നോട്ടീസ് അയച്ചത്.
ടി സിദ്ദീഖ്, കെകെ രമ, എംകെ മുനീര്‍, എപി അനില്‍കുമാര്‍, പികെ ബഷീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നീ എംഎല്‍എമാരുടെ പിഎ മാര്‍ക്കെതിരെയാണ് നോട്ടീസ്.എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ നോട്ടിസ് കൈപ്പറ്റി 15 ദിവസത്തിനുള്ളില്‍ നിയമസഭാ സെക്രട്ടറിയെ രേഖാമൂലം അറിയിക്കണമെന്നും നോട്ടിസില്‍ പറയുന്നു. വിശദീകരണം ലഭിച്ചില്ലെങ്കില്‍ ഒന്നും പറയാനില്ലെന്നു കണക്കാക്കി ചട്ടങ്ങള്‍ അനുശാസിക്കുന്ന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടിസില്‍ വ്യക്തമാക്കുന്നു
സംഭവം അന്വേഷിച്ച ചീഫ് മാര്‍ഷല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇവരുടെയെല്ലാം പേരുകള്‍ പരാമര്‍ശിക്കുന്നതായി നോട്ടിസില്‍ പറയുന്നു. സംഘര്‍ഷത്തിനിടെ കെകെ രമയുടെ കൈയ്ക്ക് പരുക്കേറ്റു. പ്രതിപക്ഷത്തെ ഏഴ് എംഎല്‍എമാര്‍ക്കെതിരെയും ഭരണപക്ഷത്തെ രണ്ട് എംഎല്‍എമാര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.