കേരളം
ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ച് എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. മുഖ്യമന്ത്രി, മുൻ മന്ത്രിസഭയിലെ 18 അംഗങ്ങൾ അടക്കമുള്ളവർക്കാണ് നോട്ടീസ് അയച്ചത്. ഹൈക്കോടതി ചട്ടം അനുസരിച്ച് മുഖ്യമന്ത്രിക്ക് പ്രത്യേക കത്ത് വഴിയാണ് നോട്ടീസ് കൈമാറുക.
ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാണ് ആർ എസ് ശശികുമാർ നൽകിയ ഹർജിയിലാണ് നടപടി. തന്റെ പരാതി നിലനിൽക്കില്ല എന്നുള്ള വിധി നിയമവാഴ്ചയോടുള്ള വെല്ലുവിളി ആണെന്നാണ് ഹർജിക്കാരന്റെ ആരോപണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രാഷ്ട്രീയക്കാർക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് പണം നല്‍കിയെന്നാണ് ആർ എസ് ശശികുമാറിന്റെ പരാതി.
അതേസമയം, പിണറായി വിജയനും സംഘത്തിനും യഥേഷ്ടം അഴിമതി നടത്താന്‍ വന്ധീകരിച്ച ലോകായുക്തയെ അടിയന്തരമായി പിരിച്ചുവിടണമെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടത്. ലോകായുക്തയ്ക്കായി ചെലവഴിക്കുന്ന കോടികള്‍ ക്ഷേമപെന്‍ഷന്‍ നൽകാനും കുടുംബശ്രീക്കാരുടെ കുടിശിക തീര്‍ക്കാനും മറ്റും വിനിയോഗിക്കണം. ഭാവി കേരളത്തോട് പിണറായി ചെയ്ത ഈ കൊടുംക്രൂരതയെക്കുറിച്ചാണ് ലോകായുക്ത ദിനത്തില്‍ കൊട്ടിഘോഷിച്ചു നടത്തിയ പൊതുസമ്മേളനം ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്.
ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് 1264 കേസുകളാണ് ലോകായുക്ത കൈകാര്യം ചെയ്തിരുന്നതെങ്കില്‍ 2023ല്‍ വെറും 197 ഹര്‍ജികള്‍ മാത്രമാണ് പരിഗണിക്കുന്നത്. ലോകായുക്തയും ഉപലോകായുക്തയും വാര്‍ഷിക ശമ്പളമായി 56 ലക്ഷത്തോളം രൂപ കൈപ്പറ്റുകയും നാലുകോടിയോളം രൂപ ഓഫീസ് ചെലവിനായി വിനിയോഗിക്കുകയും ചെയ്യുന്ന ഈ സംവിധാനത്തെ കേരളം തീറ്റിപ്പോറ്റേണ്ടതുണ്ടോയെന്ന് ജനം തീരുമാനിക്കണമെന്നും സുധാകരൻ പറഞ്ഞിരുന്നു.