കേരളം
‘തീർത്ഥാടനം മാത്രമല്ല, യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും കാണാനുണ്ട്’; ശബരിമലയ്ക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ
രാജ്യത്തെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രശസ്തമായവയില്‍ മുന്‍നിരയിലാണ് ശബരിമല. ശബരിമല ക്ഷേത്രത്തിന് ചുറ്റും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് ശബരിമലയിൽ നിന്ന് മടങ്ങുമ്പോൾ ഈ സ്ഥലങ്ങളും ആസ്വദിക്കാം.
പന്തളം കൊട്ടാരം
ചരിത്രമനുസരിച്ച് അയ്യപ്പൻ ജനിച്ച് വളർന്ന സ്ഥലമായാണ് പന്തളം അറിയപ്പെടുന്നത്. ശബരിമല ക്ഷേത്രത്തിന് സമാനമായി പന്തളം രാജാവ് പണികഴിപ്പിച്ച വലിയ കോയിക്കൽ ക്ഷേത്രം സഞ്ചാരികൾക്ക് ഇവിടെ കാണാം. അച്ചൻകോവിൽ നദിയുടെ തീരത്ത് നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം ശബരിമലയ്ക്ക് സമീപമുള്ള ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്. ചെങ്ങന്നൂരിലൂടെ യാത്ര ചെയ്താൽ സഞ്ചാരികൾക്ക് എളുപ്പത്തിൽ ഈ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം. പന്തളം ക്ഷേത്രത്തിന് സമീപമുള്ള ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനാണ്.
ഗവി
വനത്തിന്റെ സൗന്ദര്യം ആവോളം നുകർന്ന് സഞ്ചാരികൾക്ക് ഏറെ ആസ്വദിക്കാൻ പറ്റുന്ന ഇടങ്ങളിലൊന്നാണ് ഗവി. മഞ്ഞ് മൂടി നിൽക്കുന്ന കാട്ടുവഴി മാത്രമല്ല യാത്രയിലുടനീളം അരുവികളും വന്യമൃഗങ്ങളുമെല്ലാം യാത്രക്കാർക്ക് വിസ്മയിപ്പിക്കുന്ന കാഴ്ചയൊരുക്കി നിൽക്കുന്നുണ്ടാകും.ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്ന മുപ്പത് വാഹങ്ങൾക്ക് മാത്രമേ ഒരു ദിവസം ഗവിയിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമാണ് ഈ ടൂറിസ്റ്റ് കേന്ദ്രം. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3,400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗവിയിൽ കൊടുംവേനലിൽപ്പോലും വൈകിട്ടായാൽ ചൂട് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശമാണ്. പുൽമേടുകളാൽ സമ്പന്നമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത. ഇവിടെ ഒരു കുന്നിൻ പുറത്തു നിന്ന് നോക്കിയാൽ ശബരിമലയുടെ ഒരു വിദൂര ദർശനം ലഭിക്കും. അത്യപൂർവ്വങ്ങളായ പുഷ്പങ്ങളും മരങ്ങളും ഇവിടെയെത്തുന്ന പ്രകൃതിസ്നേഹികളെ ആകർഷിക്കാറുണ്ട്.
അടവി ഇക്കോ ടൂറിസം
കോന്നിയില്‍ നിന്നും പതിനാറ് കിലോമീറ്റര്‍ അകലെയുള്ള തണ്ണിത്തോട് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന അടവിയിലാണ്, കേരളത്തില്‍ ആദ്യമായി വിനോദസഞ്ചാരത്തിനായി കുട്ടവഞ്ചി യാത്രക്ക് അവസരം ഒരുക്കിയത്. കല്ലാറിന്റെ തീരത്തെ ഒരു മനോഹരമായ പ്രദേശമാണ് അടവി.ഇവിടുത്തെ പ്രധാന ആകര്‍ഷണം കുട്ടവഞ്ചിയിലൂടെയുള്ള സവാരിയാണ്.നദിയിലൂടെ 5-കി.മീ പ്രകൃതിയെ അറിഞ്ഞ് സഞ്ചരിക്കാനുള്ള അവസരമുണ്ട്. അടവി എക്കോടൂറിസം കേന്ദ്രത്തിന് സമീപത്തായിട്ടാണ് മണ്ണീറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈ വെള്ളച്ചാട്ടവും നല്ലൊരു അനുഭവമായിരിക്കും സഞ്ചാരികള്‍ക്ക് സമ്മാനിക്കുക.
ത്രിവേണി സംഗമം
ശബരിമലയിലേക്കുള്ള വഴിയിലാണ് ത്രിവേണി സംഗമം. ഇവിടെ ദക്ഷിണഗംഗ എന്നറിയപ്പെടുന്ന പമ്പാനദി വടക്കുവശത്ത് മണിമണലയാറുമായും തെക്കുവശത്ത് അച്ചന്‍കോവിലാറുമായും കൂടിച്ചേരുന്നതിവിടെയാണ്.
കോന്നി ആനക്കൂട്
പത്തനംതിട്ട ജില്ലയില്‍ അച്ചന്‍കോവിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു സ്ഥലമാണ് കോന്നി. പശ്ചിമഘട്ടത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന്റെ ഭംഗികൂടുന്നത് ഇടതൂര്‍ന്ന മഴക്കാടുകളും അച്ചന്‍കോവിലാറുമാണ്. ഇവിടുത്തെ എലിഫന്റ് ക്യാമ്പ് പ്രശസ്തമാണ്.
കക്കി റിസർവോയർ
പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ജലസംഭരണിയാണ് കക്കി റിസർവോയർ. കക്കി ഡാമും ആനത്തോട് ഡാമും നിർമ്മിച്ചപ്പോൾ സൃഷ്ടിക്കപ്പെട്ടതാണ് തടാകം.സബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായാണ് 1966 ൽ അണക്കെട്ടുകൾ നിർമ്മിച്ചത്. പശ്ചിമഘട്ടത്തിന് വളരെ അടുത്തായി റാന്നി റിസർവ് വനത്തിലാണ് വിനോദസഞ്ചാര കേന്ദ്രം.
പെരുന്തേനരുവി വെള്ളച്ചാട്ടം
പത്തനംതിട്ട നഗരത്തില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെ റാന്നിക്ക് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. കോട്ടയം ജില്ലയിലെ എരുമേലിയില്‍ നിന്ന് 10 കിലോമീറ്റര്‍ പോയാലും ഇവിടെയത്തൊം.
അച്ചൻകോവിലാറ്
കേരളത്തിലേ ഏറെ പ്രശസ്തമായ നദികളിൽ ഒന്നാണ് അച്ചൻകോവിലാറ്. അച്ചൻകോവിൽ എന്ന ഗ്രാമത്തിൽ നിന്നാണ് ഈ നദിക്ക് ആ പേര് ലഭിച്ചത്. പുണ്യനദിയായ പമ്പയുടെ ഒരു പോക്ഷക നദിയാണ് അച്ചൻകോവിലാറ്.
പാർത്ഥസാരഥി ക്ഷേത്രം
ശബരിമലയ്ക്ക് സമീപമുള്ള പ്രശസ്തമായ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് പാർത്ഥസാരഥി ക്ഷേത്രം. ഐതിഹ്യമനുസരിച്ച്, ഈ ദിവ്യക്ഷേത്രത്തിൽ ആരാധിക്കുന്ന വിഗ്രഹം അർജ്ജുനൻ സ്ഥാപിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. പാർത്ഥസാരഥി ക്ഷേത്രത്തിന് ചുറ്റുമുള്ള മനോഹരമായ പ്രകൃതിദൃശ്യം സന്ദർശകരുടെ ഏറെ പ്രിയപ്പെട്ടതാണ് . മനോഹരമായ പമ്പാ നദിയുടെ തീരത്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ആറന്മുള വള്ളംകളി ഈ പ്രദേശത്ത് ആഘോഷിക്കുന്ന ഒരു പ്രധാന ഉത്സവമാണ്.