ക്രൈം
സ്വർണക്കടത്ത് പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചിട്ടില്ല; കിരൺ മാർഷൽ
സ്വർണക്കടത്ത് കേസ് പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന വാർത്ത നിഷേധിച്ച് തുറവൂർ സ്വദേശി കിരൺ മാർഷൽ. തനിക്ക് സ്വർണക്കടത്ത് കേസ് പ്രതികളെ പരിചയമില്ലെന്നും തന്നിലൂടെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും കിരൺ പറഞ്ഞു.
മുഖ്യമന്ത്രിയുമായി 18 വർഷത്തെ ആത്മബന്ധമുണ്ട്. അതുകൊണ്ടാണ് തനിക്കെതിരെ ആരോപണങ്ങൾ വരുന്നതെന്ന് കിരൺ മാർഷൽ പറഞ്ഞു. തന്നെ കരുവാക്കി മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റിയൽ എസ്റ്റേറ്റ് വ്യവസായിയാണ് കിരൺ മാർഷൻ. ഷെയർ ഇട്ട് ഒരു റെസ്റ്റോറന്റും നടത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന കാറാണ് കിരൺ മാർഷൽ ഉപയോഗിച്ചിരുന്നതെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന കാർ പഴകയിപ്പോൾ അത് വിൽക്കാൻ ശ്രമിച്ചിരുന്നു. ആ കാർ താൻ പണം കൊടുത്താണ് വാങ്ങിയതെന്നും കിരൺ മാർഷൽ പറഞ്ഞു.
ഇന്ന് രാവിലെയാണ് സ്വർണക്കടത്ത് കേസ് പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച വ്യക്തിയെന്ന ആരോപണം കിരൺ മാർഷലിനെതിരെ ഉണ്ടാകുന്നത്. എന്നാൽ ഉന്നത രാഷ്ട്രീയ ബന്ധമുള്ള വ്യക്തിയെന്ന് മാത്രമേ പുറത്തുവന്നിരുന്നുള്ളു. വീടും മറ്റ് വിവരങ്ങളും പുറത്തുവന്നിരുന്നില്ല.
സ്വപ്നയ്ക്കും കുടുംബത്തിനും, സന്ദീപിനും ഇയാൾ തുറവൂരിൽ മൂന്ന് ദിവസം ഒളിവിൽ കഴിയാൻ അവസരം ഒരുക്കിയെന്നും ആരോപണമുയർന്നിരുന്നു. എന്നാൽ പ്രതികളെ അറിയില്ലെന്ന് പറഞ്ഞ കിരൺ ആരോപണങ്ങളെല്ലാം പൂർണമായും നിഷേധിച്ചിരിക്കുകയാണ്.