കേരളം
നിറം അല്ല, ജാതി അല്ല, കലയാണ്: രാമകൃഷ്ണന് ഐക്യദാർഢ്യവുമായി ആർഎൽവി കോളേജിലെ ബാനറുകൾ
കലാമണ്ഡലം സത്യഭാമക്കെതിരെ പ്രതിക്ഷേധവുമായി തൃപ്പൂണിത്തുറ ആർഎൽവി കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും. ആർഎൽവി കോളേജിലെ മുൻ വിദ്യാർത്ഥിയും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമർശം ഉന്നയിച്ചതിനെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിക്ഷേധം. രാമകൃഷ്ണന് ഐക്യദാർഢ്യവുമായി ക്യാമ്പസിൽ വിദ്യാർത്ഥികൾ ബാനറുകൾ കെട്ടി. നിറം അല്ല, ജാതി അല്ല, കലയാണ്, കലക്കെന്ത് നിറം? ആർ എൽ വി രാമകൃഷ്ണന് ഐക്യദാർഢ്യം എന്നിങ്ങനെ എഴുതിയ ബാനറുകളാണ് ഉയർന്നത്.
നിറത്തിൻ്റെ പേരിൽ ഒരാളെ മാറ്റി നിർത്തിയാൽ പിന്നെ ആ ഒരു കലാകാരൻ എങ്ങനെ ഉയർന്നു വരും. തങ്ങളെ എല്ലാവരെയും പ്രചോദിപ്പിക്കുന്ന കലാകാരനാണ് രാമകൃഷ്ണൻ അതിനാലാണ് ഈ അധിക്ഷേപം എല്ലാവരെയും വേദനിപ്പിച്ചത്. മാത്രമല്ല പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ രാമകൃഷ്ണൻ അഭിമാനമാണെന്നും വിദ്യാർത്ഥികളും അധ്യാപകരും പ്രതികരിച്ചു.
കലാമണ്ഡലം സത്യഭാമയുടെ പരിപാടികൾ ബഹിഷ്കരിക്കണം എന്നാണ് കോളേജ് പ്രിൻസിപ്പളിൻ്റെ പ്രതികരണം. കറുത്ത കുട്ടികളെ സത്യഭാമ ടീച്ചർ പഠിപ്പിക്കില്ലേ എന്നും അവർക്ക് അധ്യാപിക ആകാനുള്ള യോഗ്യതയില്ല എന്നും പ്രിൻസിപ്പിൽ പ്രതികരിച്ചു. സത്യഭാമക്ക് സ്വന്തമായി സ്ഥാപനമുണ്ടെങ്കിൽ ലൈസൻസ് റദ്ദാക്കണം എന്നും അവർ ആവശ്യപ്പെട്ടു. രാമകൃഷ്ണൻ ഞങ്ങളുടെ അഭിമാനമാണ്. സത്യഭാമ പെർഫോം ചെയ്താൽ ആരും കാണാൻ പോകരുത് എന്നാണ് തൻ്റെ അഭിപ്രായമെന്നും പ്രിൻസിപ്പിൽ പ്രതികരിച്ചു.