കേരളം
ഒരു മാതാപിതാക്കള്‍ക്കും ഈ അവസ്ഥയുണ്ടാകരുത്, പിന്നില്‍ എന്താണെന്ന് അറിയണം: അബിഗേലിന്‍റെ അച്ഛന്‍
അബിഗേലിനെ സുരക്ഷിതമായി തിരിച്ചുകിട്ടിയതില്‍ ദൈവത്തിനും ജനങ്ങളോടും മറ്റു പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് അച്ഛന്‍ റെജി പറഞ്ഞു. ഒരു പോറൽ പോലുമേൽക്കാതെ കുഞ്ഞിനെ കിട്ടി. മാധ്യമങ്ങളും പൊലീസും നാട്ടുകാരും ജനങ്ങളും സര്‍ക്കാരും ബന്ധുക്കളും എല്ലാവരില്‍നിന്നും മുഴുവൻ പിന്തുണയും കിട്ടി. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും വിളിച്ചു.സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടുപോയതില്‍ ആരെയും സംശയമില്ല. എന്നാല്‍, ഒരു മാതാപിതാക്കൾക്കും ഈ അവസ്ഥയുണ്ടാകരുത്. അതിനുവേണ്ടി ഇതിന് പിന്നില്‍ എന്താണെന്ന് വ്യക്തമായി അറിയണം. അതെല്ലാം അന്വേഷണത്തിന്‍റെ ഭാഗമായി പുറത്തുവരും. അന്വേഷണവുമായി എല്ലാവരും സഹകരിക്കണമെന്നും പിന്നിലെ കാരണം അറിയണമെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അബിഗേലിന്‍റെ അച്ഛന്‍ റെജി പറഞ്ഞു. അബിഗേലിനെ എ.ആര്‍ ക്യാമ്പില്‍നിന്നും ഏറ്റുവാങ്ങിയശേഷം എഡിജിപി എം.ആര്‍ അജിത്കുമാറിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റെജി.
കുട്ടിയെ സുരക്ഷിതമായി തിരിച്ചു കിട്ടിയതിൽ സന്തോഷമുണ്ടെന്ന് എഡിജിപി എംആർ അജിത്കുമാര്‍ പറഞ്ഞു. പൊലീസ് സേനയും മാധ്യമപ്രവർത്തകരും നാട്ടുകാരും ഉറങ്ങാതെയിരുന്ന് കുഞ്ഞിനെ കണ്ടെത്താൻ പരിശ്രമിച്ചുവെന്ന് എഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികൾ ഒളിച്ചു താമസിക്കാൻ സാധ്യത ഉള്ള സ്ഥലങ്ങളെല്ലാം പരിശോധിച്ചു. പൊലീസ് ഇടപെടലും മാധ്യമപ്രവർത്തകരുടെ ശുഷ്കാന്തിയും കാരണമാണ് കുഞ്ഞിനെ കിട്ടിയതെന്നും എഡിജിപി കൂട്ടിച്ചേർത്തു. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയവർക്ക് വേറെ വഴിയില്ലായിരുന്നു. പ്രതികൾ പ്രദേശം നന്നായി അറിയുന്നവരാകാം.
അത് കൊണ്ടാണ് ആശ്രാമം മൈതാനത്ത് കുഞ്ഞിനെ ഉപേക്ഷിച്ചത്. 24 മണിക്കൂറിന്റെ പരിശ്രമമാണ് നടന്നത്. ഉടനീളം സർക്കാർ പിന്തുണച്ചു. കുട്ടിയെ ഉപേക്ഷിക്കാൻ തട്ടികൊണ്ടുപോകൽ സംഘത്തിന് മേൽ സമ്മർദ്ദം ഉണ്ടായി. സാധ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കുട്ടി പൂർണമായും ഞെട്ടലിൽ നിന്ന് മുക്തമായിട്ടില്ല. പ്രാഥമികമായി കുട്ടി പറഞ്ഞത് വാഹനത്തിനുള്ളിൽ കയറ്റി വായ പൊത്തി പിടിച്ചു. പിന്നെ ഒരു വീട്ടിൽ എത്തിച്ചു എന്നാണ്. ഭക്ഷണം നൽകി, കാർട്ടൂൺ കാണിച്ചു. രാവിലെ ഒരു വാഹനത്തിൽ ചിന്നക്കടയിൽ എത്തിച്ചുവെന്നും കുട്ടി പറഞ്ഞതായി എഡിജിപി പറഞ്ഞു.