കേരളം
രാജ്ഭവന്റെ സിആർപിഎഫ് സുരക്ഷയിൽ അന്തിമ തീരുമാനം : കേന്ദ്ര സർക്കാർ ഉത്തരവ് ലഭിച്ചതിന് ശേഷം മാത്രം
രാജ്ഭവന്റെ സിആർപിഎഫ് സുരക്ഷയിൽ അന്തിമ തീരുമാനം കേന്ദ്ര സർക്കാർ ഉത്തരവ് ലഭിച്ചതിന് ശേഷം മാത്രം. സിആർപിഎഫിനെ നിയമിച്ചുള്ള ഉത്തരവ് സംസ്ഥാന സർക്കാരിന് ഇതു വരെ ലഭിച്ചിട്ടില്ല. രാജ് ഭവന് മാത്രമാണ് കേന്ദ്ര നിർദ്ദേശം ലഭിച്ചത്. സിആർപിഎഫ് സേനാംഗങ്ങളുടെ എണ്ണം, ഡ്യൂട്ടി എന്നിവ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കണം. ഇതിന് ശേഷം കേരള പൊലീസ് സുരക്ഷ അവലോകന യോഗം ചേരും. ഇതെല്ലാം കേന്ദ്ര ഉത്തരവ് ലഭിച്ചതിന് ശേഷമാകും. ഗവർണറുടെ സുരക്ഷയുടെ പ്രാഥമിക ചുമതലയിൽ കേരള പൊലീസ് തുടരാനാണ് സാധ്യത. അതായത് കേരള പൊലിസിനെ പൂർണമായും ഒഴിവാക്കാതെയാവും സിആർപിഎഫ് സുരക്ഷയൊരുക്കുക.
നിലമേലിലെ നാടകീയ സംഭവങ്ങൾക്ക് പിന്നാലെയാണ് കേന്ദ്ര സർക്കാർ ഗവർണ്ണർക്ക് സിആർപിഎഫ് ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തിയത്. നിലമേലിലെ അസാധാരണ സംഭവങ്ങൾക്ക് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഗവർണ്ണറെ വിളിച്ചിരുന്നു. ഗവർണ്ണർ-സർക്കാർ പോര് അത്യസാധാരണ നിലയിലേക്ക് മാറിയതിന് പിന്നാലെയാണ് കേന്ദ്ര ഇടപെടൽ. കൊട്ടാരക്കരയിലെ ഒരു പരിപാടിക്ക് പോയ ഗവർണ്ണർക്കെതിരെ നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചതോടെയാണ് നാടകീയ സംഭവ പരമ്പരകളുടെ തുടക്കം. കാറിന് മുകളിലേക്ക് പ്രവർത്തകർ ഇടിച്ചുവെന്നായിരുന്നു ഗവർണ്ണറുടെ ആരോപണം. റോഡിന് വശക്കെ കടക്ക് മുന്നിൽ കസേരയിട്ട് കുത്തിയിരുന്ന് ആരിഫ് മുഹമ്മദ് ഖാൻ പ്രതിഷേധിച്ചു. പൊലീസുകാരെ ശകാരിച്ചു. അനുനയത്തിന് വിളിച്ച ഡിജിപിയോടും ക്രുദ്ധനായി പെരുമാറി.
കസേരയിലിരുന്നുള്ള പ്രതിഷേധത്തിനിടെ തന്നെ ഗവർണ്ണർ സംഭവങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയെ അറിയിച്ചു. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് എഫ്ഐആർ ഇട്ടതോടെ ഗവർണ്ണർ പ്രതിഷേധം നിർത്തിയെങ്കിലും നിലമേൽ സംഭവം കേന്ദ്ര ഇടപെടലിനുള്ള അവസരമായി. എഫ്ഐആർ വിവരം രാജ്ഭവൻ ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു. പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസും ആഭ്യന്ത്രമന്ത്രി അമിത് ഷായും ഉപരാഷ്ട്രപതിയും ഗവർണ്ണറെ വിളിച്ചു. പിന്നാലെ കേന്ദ്രത്തിൽ നിന്നും നിർണ്ണായക തീരുമാനമുണ്ടായി. എന്നാൽ സംസ്ഥാന സർക്കാരിന് ഉത്തരവ് ലഭിച്ചിട്ടില്ല.