കേരളം
സംസ്ഥാനത്ത് ഇന്നുമുതൽ രാത്രി കർഫ്യൂ ഇല്ല
സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ നടപ്പാക്കിയിരുന്ന രാത്രി കർഫ്യൂ ഇനി ഇല്ല. തീരുമാനം ഇന്നുമുതൽ പ്രാബല്യത്തിൽവരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.
രാത്രിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനൊപ്പം ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം.
ഒരാഴ്ചത്തെ ശരാശരി രോഗ സ്ഥിരീകരണ നിരക്ക് 17.91 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി നിരക്ക് കുറയുന്ന പ്രവണതയാണ് കാണിക്കുന്നതും. കഴിഞ്ഞയാഴ്ച വിവിധ മേഖലയിലെ വിദഗ്ധരുമായി മുഖ്യമന്ത്രി നടത്തിയ കൂടിയാലോചനയിൽ നിയന്ത്രണങ്ങളിൽ ഇളവു നൽകണമെന്നാണ് മിക്കവരും ചൂണ്ടിക്കാട്ടിയത്.
ഓണാഘോഷത്തിന്റെ ഭാഗമായി കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നേക്കുമെന്ന ഭീതിയിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. എന്നാൽ, പ്രതീക്ഷിച്ചത്ര രോഗ വ്യാപനമുണ്ടായില്ല.ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.