കേരളം
ഇനി ക്യൂ നിൽക്കേണ്ട, ഈ അഞ്ച് ആപ്പുകളിലൂടെ കൊച്ചി മെട്രോ ടിക്കറ്റെടുക്കാം
ഇനി കൊച്ചി മെട്രോയിൽ കയറാൻ ടിക്കറ്റെടുക്കാൻ ക്യൂ നിന്ന് കഷ്ടപ്പെടേണ്ട. ഒന്നല്ല നിരവധി ആപ്പുകളിൽ നിന്ന് ടിക്കറ്റ് ഓണ്‍ലൈനായി എടുക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. പേടിഎം, ഫോണ്‍പേ, നമ്മ യാത്രി, റെഡ് ബസ്, റാപ്പിഡോ എന്നീ ആപ്പുകളിലൂടെ ടിക്കറ്റെടുക്കാം. ഓപ്പണ്‍ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സുമായി (ഒഎൻഡിസി) ചേർന്നാണ് ഈ സൌകര്യമൊരിക്കിയത്.
ഓണ്‍ലൈനായി എടുക്കുന്ന ടിക്കറ്റുകളുടെ പ്രിന്റ് ഔട്ട് ആവശ്യമില്ല. മെട്രോ സ്റ്റേഷനിലെ എൻട്രൻസിൽ സ്കാൻ ചെയ്ത് അകത്തും പുറത്തും പ്രവേശിക്കാം. നേരത്തെ ചെന്നൈ മെട്രോ ഒഎൻഡിസിയുമായി ചേർന്ന് ഇത്തരത്തിൽ ആപ്പിലൂടെ ടിക്കറ്റ് എടുക്കാൻ സംവിധാനം ഒരുക്കിയിരുന്നു. ഒരു യാത്രയ്ക്കുള്ള ടിക്കറ്റോ മടക്ക യാത്രയും കൂടിയോ ഇത്തരത്തിൽ ഓണ്‍ലൈനായി എടുക്കാം. ഓണ്‍ലൈൻ ടിക്കറ്റിന് ബുക്കിങ് ചാർജ് ഈടാക്കില്ലെന്നും മെട്രോ അറിയിച്ചു.
നേരത്തെ വാട്സ് ആപ്പ് ടിക്കറ്റ് ബുക്കിങ് മെട്രോ കൊണ്ടുവന്നിരുന്നു. ഊബർ വഴിയും ഈസ് മൈ ട്രിപ്പ് വഴിയും മെട്രോ ടിക്കറ്റ് എടുക്കാനുള്ള സംവിധാനം വൈകാതെയുണ്ടാകും. മെട്രോ യാത്രക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ടിക്കറ്റ് കൌണ്ടറുകളിലെ തിരക്ക് കുറയ്ക്കാനാണ് ഓണ്‍ലൈൻ സംവിധാനം ഏർപ്പെടുത്തുന്നത്.