കേരളം
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാരുണ്യ ഫാര്‍മസിയില്‍ മരുന്നില്ല; ഡിപ്പോ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാരുണ്യ ഫാര്‍മസില്‍ മരുന്നുകള്‍ ലഭ്യമല്ലാതെ വന്ന സംഭവത്തില്‍ ഫാര്‍മസി ഡിപ്പോ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സന്ദര്‍ശനത്തിനിടെയാണ് മരുന്നില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അടിയന്തരമായി സസ്‌പെന്റ് ചെയ്യുകയായിരുന്നു.
അത്യാവശ്യ മരുന്നുകള്‍ കൃത്യമായി സ്‌റ്റോക്ക് ചെയ്യാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കെഎംഎസ്‌സിഎല്‍നോട് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് അടിയന്തരമായി ഡിപ്പോ മാനേജറെ സസ്‌പെന്‍ഡ് ചെയ്തത്. മറ്റ് മെഡിക്കല്‍ കോളജുകളിലും ജനറല്‍ ആശുപത്രികളിലും പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞദിവസം മന്ത്രി ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനിടെയാണ് സംഭവം. വാര്‍ഡുകളിലെ സന്ദര്‍ശനത്തിനിടെ പത്തൊമ്പതാം വാര്‍ഡിലെ രോഗിയായ പത്മാകുമാരിയുടെ ഭര്‍ത്താവ് മരുന്നുകളൊന്നും കാരുണ്യ ഫാര്‍മസിയില്‍ നിന്നും കിട്ടുന്നില്ലെന്നു പരാതി പറയുകയായിരുന്നു. അദ്ദേഹത്തില്‍ നിന്നും മന്ത്രി മരുന്നിന്റെ കുറിപ്പ് വാങ്ങി കാരുണ്യ ഫാര്‍മസിയിലെത്തി. മന്ത്രി പുറത്തു നിന്ന ശേഷം ഒരാളെ കാരുണ്യ ഫാര്‍മസിയിലേക്കയച്ചു. മരുന്നില്ലെന്നു നേരത്തേ പറഞ്ഞതല്ലേയെന്നു പറഞ്ഞു ജീവനക്കാരി ദേഷ്യപ്പെട്ടു.
ഉടന്‍ തന്നെ മന്ത്രി കൗണ്ടറിലെത്തി ആ കുറിപ്പ് കാണിച്ചു. അപ്പോഴും മരുന്നില്ലെന്ന് പറഞ്ഞു. എന്തുകൊണ്ട് മരുന്നില്ലെന്നായി മന്ത്രി. മറുപടി പറയാന്‍ ജീവനക്കാര്‍ പതറി. ഉടന്‍ തന്നെ മന്ത്രി ഫാര്‍മസിക്കകത്ത് കയറി കംപ്യൂട്ടറില്‍ മരുന്നുകളുടെ ലിസ്റ്റ് പരിശോധിച്ചു. ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകളുടെ ലിസ്‌റ്റെടുത്ത്, ആവശ്യകതയനുസരിച്ച് കൃത്യമായി മരുന്നുകള്‍ സ്‌റ്റോക്ക് ചെയ്യണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.