കേരളം
കോവിഡിന്റെ നാലാം തരംഗം ഇന്ത്യയില്‍ ഉണ്ടാവില്ല
രാജ്യത്ത് ഇനിയൊരു കോവിഡ് തരംഗം ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് പ്രമുഖ വൈറോളജിസ്റ്റ്. ഒമൈക്രോണ്‍ വകഭേദത്തെ തുടര്‍ന്ന് ഉണ്ടായ മൂന്നാം കോവിഡ് തരംഗം രാജ്യത്ത് അവസാനിച്ചു. ഇനിയൊരു നാലാം തരംഗം ഉണ്ടാവാനുള്ള സാധ്യതയില്ലെന്നും വൈറോളജിസ്റ്റ് ഡോ ടി ജേക്കബ് ജോണ്‍ പറഞ്ഞു.
നിലവില്‍ രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ 5000ത്തോട് അടുപ്പിച്ചാണ്. ജനുവരിയില്‍ കോവിഡ് രോഗികള്‍ രണ്ടുലക്ഷം കടന്നിരുന്നു. രണ്ടുമാസം കൊണ്ടാണ് കോവിഡ് വ്യാപനം നിയന്ത്രണവിധേയമായത്. അടുത്ത തരംഗം ജൂണ്‍, ജൂലൈ മാസങ്ങളില്‍ സംഭവിച്ചേക്കാമെന്നാണ് ചില പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനിടെയാണ് ഇനി ഒരു തരംഗം ഉണ്ടാവാനുള്ള സാധ്യതയില്ലെന്ന് വൈറോളജിസ്റ്റ് ഡോ ജേക്കബ് ജോണ്‍ പറയുന്നത്.
പൂര്‍ണമായി വ്യത്യസ്ത വകഭേദം വന്നില്ലായെങ്കില്‍ പുതിയ ഒരു തരംഗത്തിന് സാധ്യതയില്ല. മൂന്നാം തരംഗം ഇതിനോടകം തന്നെ അവസാനിച്ചു. ഒരു പ്രദേശത്ത് മാത്രമായി കണ്ടുവരുന്ന പകര്‍ച്ചവ്യാധി എന്ന നിലയിലേക്ക് കോവിഡ് മാറുകയാണ്. മറ്റൊരു തരംഗം ഭാവിയില്‍ ഉണ്ടാവുമെന്ന ഭീഷണി നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കോവിഡ് കേസുകള്‍ ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞു വരികയാണ്. കഴിഞ്ഞ നാലാഴ്ചത്തെ കണക്ക് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. നാലാഴ്ചത്തെ കണക്കിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് കോവിഡ് പ്രാദേശിക വ്യാപനമായി മാറി കൊണ്ടിരിക്കുന്നതായാണ് സൂചന നല്‍കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ഈ സൂചനകളാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒന്ന് ആവിര്‍ഭവിച്ചാല്‍ മാത്രമേ അപകടസാധ്യതയുള്ളൂ. അല്ലാത്തപക്ഷം നാലാം തരംഗത്തിനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.