കേരളം
ജൂണിലും സ്‌കൂള്‍ തുറക്കാനിടയില്ല, പത്താം ക്ലാസുകാര്‍ക്ക് മേയ് മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്
സംസ്‌ഥാനത്തു കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ, ജൂണിലും സ്‌കൂളുകള്‍
തുറക്കാനിടയില്ല. പത്താം ക്ലാസില്‍ മാത്രം മേയ് ആദ്യവാരം ഓണ്‍ലൈന്‍ അധ്യയനം ആരംഭിക്കാനാണു പൊതു വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. മേയ്-ജൂണ്‍ മാസങ്ങളിലെ കോവിഡ് വ്യാപനം വിലയിരുത്തിയശേഷമേ പുതിയ അധ്യയനവര്‍ഷാരംഭത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കൂ. പ്ലസ്‌ടുക്കാര്‍ക്കും മേയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാന്‍ നീക്കമുണ്ട്.
പുതിയ അധ്യയനവര്‍ഷത്തേക്കുള്ള 40 ലക്ഷം പാഠപുസ്‌തകങ്ങളാണ് ഇനി അച്ചടിക്കാനുള്ളത്. ഇതു രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ പൂര്‍ത്തിയാക്കും. എസ്.എസ്.എല്‍.സി, പ്ലസ്‌ടു പരീക്ഷകള്‍ നടക്കുന്നതിനാല്‍ പാഠപുസ്‌തകവിതരണം നിര്‍ത്തിവച്ചിരിക്കുകയാണ്.വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌കൂളുകളിലും പുസ്‌തകവിതരണം ഉടനുണ്ടാകില്ല.
എന്നാല്‍, പത്താം ക്ലാസ് പാഠപുസ്‌തകങ്ങള്‍ ഉടനെത്തിക്കാന്‍ നിര്‍ദേശമുണ്ട്. വോട്ടെണ്ണലും പരീക്ഷകളും പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് മറ്റ് ക്ലാസുകളിലെ പുസ്‌തകങ്ങള്‍ വിതരണത്തിനു തയാറാക്കാനാണു കേരളാ ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിക്കുള്ള നിര്‍ദേശം.
കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറച്ച് പുസ്‌തകങ്ങളാകും ഇക്കുറി അച്ചടിക്കുക. കഴിഞ്ഞവര്‍ഷത്തെ പുസ്‌തകങ്ങള്‍ മിച്ചമുള്ളതിനാലാണിത്.