Covid 19
ഓണ്‍ലൈന്‍ വഴി കോവിഡ് സഹായം അഭ്യര്‍ത്ഥിക്കുന്നവര്‍ക്കെതിരെ നടപടിയില്ലെന്ന് ഡി.ജി.പി
കോവിഡ് ബാധിതരെ സഹായിക്കുന്നതിനും മരുന്നും അവശ്യസാധനങ്ങളും ലഭ്യമാക്കുന്നതിനുമായി ഓണ്‍ലൈന്‍ വഴി സഹായ അഭ്യര്‍ത്ഥന നടത്തുന്നവര്‍ക്കെതിരെ യാതൊരുവിധ നിയമനടപടിയും സ്വീകരിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മരുന്നും ഓക്സിജനും ആവശ്യപ്പെട്ടും ആശുപത്രിയില്‍ കിടക്കകള്‍ അഭ്യര്‍ത്ഥിച്ചും സാമൂഹിക മാധ്യമങ്ങളില്‍ വരുന്നവര്‍ക്കെതിരെ നേരിട്ടോ പരോക്ഷമായോ നടപടി സ്വീകരിക്കുകയോ അറസ്റ്റിന് ശ്രമിക്കുകയോ ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്.
വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി കോവിഡ് രോഗികളുടെ ആവശ്യങ്ങള്‍ അറിയിച്ചുകൊണ്ട് വിവരങ്ങള്‍ പങ്ക് വയ്ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണിത്.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,28,541 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 8,89,627 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6,62,42 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3248 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.