കേരളം
നിപ ഉറവിടം അവ്യക്തം; 20 പേരുടെ സാമ്പിള്‍ ഇന്ന് പുനെയിലേക്ക്
സംസ്ഥാനത്ത് നിപ ആശങ്കയില്ലെന്ന് ആരോഗ്യമന്ത്രി പറയുമ്പോഴും രോഗ ഉറവിടത്തെ കുറിച്ച് അവ്യക്തത തുടരുകയാണ്.മരിച്ച പന്ത്രണ്ടുകാരന് രോഗം ബാധിച്ചത് ജന്തുജാലങ്ങളില്‍ നിന്നാണോ അതോ ആരില്‍ നിന്നെങ്കിലും പകർന്നതാണോയെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയാന്‍ അധികൃതർക്കായിട്ടില്ല. വവ്വാലുകളില്‍ നിന്നാണോ അതോ മറ്റാരില്‍ നിന്നെങ്കിലും രോഗം പകർന്നതാണോയെന്നാണ് അറിഞ്ഞാല്‍ മാത്രമേ സമ്പർക്ക പട്ടികയടക്കം കൃത്യമാവുകയുള്ളൂ.
നിലവില്‍ രോഗലക്ഷണങ്ങളുള്ള രണ്ട് പേർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പഴൂരിൽ മൃഗസംരക്ഷണ വകുപ്പ് അധികൃതർ ഇന്ന് പരിശോധന നടത്തും. നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇന്ന് മെഡിക്കൽ കോളേജിൽ നിപ ട്രൂനാറ്റ് പരിശോധന നടത്തും.
പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തുന്ന സംഘം ഇതിനായി പ്രത്യേക ലാബ് സജ്ജീകരിക്കും. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്‍ഫേര്‍മേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കാൻ കഴിയും.