കേരളം
മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് പുതിയ പണി വരുന്നുണ്ട്
മദ്യപിച്ചു വാഹനമോടിക്കുന്നവരെ കുടുക്കാൻ പുതുപുത്തൻ ബ്രീത്ത് അനലൈസറുകൾ കൊണ്ടുവരാൻ പൊലീസ്. ഒന്നു ഊതിയാൽ ഇനി വരിക ബീപ് ശബ്ദം മാത്രമല്ല, നിങ്ങളുടെ ചിത്രവും മുഴുവൻ വിവരങ്ങളുമായിരിക്കും. ക്യാമറയും പ്രിന്ററും കളർ ടച്ച് സ്ക്രീനുമുള്ള ബ്രീത്ത് അനലൈസറുകൾ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ് വകുപ്പ്.
നാല് മെഗാപിക്സൽ ശേഷിയുള്ള വൈഡ് ആംഗിൾ കാമറയുള്ള ബ്രീത്ത് അനലൈസറുകൾക്കുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. പുതിയ ഉപകരണങ്ങൾ വരുന്നതോടെ രക്തത്തിലെ ആൽക്കഹോളിന്റെ അളവ്, ടെസ്റ്റ് നടത്തിയ തിയതി, സമയം, സ്ഥലം, പേര്, ഡ്രൈവിങ് ലൈസൻസ് നമ്പർ, വാഹന രജിസ്ട്രേഷൻ നമ്പർ, ടെസ്റ്റ് നടത്തിയ ഓഫിസറുടെ പേര്, ഓഫിസറുടേയും ഡ്രൈവറുടേയും ഒപ്പ് എന്നിവയടങ്ങിയ രസീത് ലഭിക്കും.
രസീതിന്റെ അടിസ്ഥാനത്തിൽ നേരിട്ടോ ഓൺലൈനായിട്ടോ 15 ദിവസത്തിനുള്ളിൽ പിഴയടക്കാം. വാഹനമോടിച്ചയാളിന്റെ ചിത്രമടക്കമുള്ള വിവരങ്ങൾ ബ്രീത്ത് അനലൈസറിന്റെ മെമ്മറി കാർഡിൽ സൂക്ഷിക്കാം. പിന്നീട് ഇത് കമ്പ്യൂട്ടറിലേക്ക് മാറ്റാം.