കേരളം
രണ്ടാം വന്ദേഭാരത്; പ്രധാനമന്ത്രി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും, സ്‌റ്റോപ്പുകളും സമയക്രമവും അറിയാം
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ഇന്ന് നടക്കും. കാസര്‍ക്കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ഉച്ചയ്ക്ക് 12. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. തിരുനെല്‍വേലി- ചെന്നൈ എഗ്മൂര്‍, വിജയവാഡ- ചെന്നൈ സെന്‍ട്രല്‍ അടക്കം പുതിയ എട്ട് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫും ഇതോടൊപ്പം നടക്കും.
കാസര്‍ക്കോട് റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 11 മുതല്‍ ആഘോഷ പരിപാടികള്‍ ഉണ്ടാകും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, സംസ്ഥാന കായിക-റെയില്‍വെ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. രണ്ടാം വന്ദേ ഭാരതത്തിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. 8 കോച്ചുകളാണ് ഈ ട്രെയിനിന് ഉള്ളത്.
ക്ഷണിക്കപ്പെട്ടവര്‍ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഉദ്ഘാടനയാത്രയില്‍ അവസരമുണ്ട്. സ്റ്റേഷനുകളില്‍ ട്രെയിനിന് സ്വീകരണവും ഒരുക്കിയിട്ടുണ്ട്. മന്ത്രിമാരെ ഉള്‍പ്പെടെ ഇതിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു.അതിനിടെ, രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനില്‍ റിസര്‍വേഷന്‍ തുടങ്ങി. തിരുവനന്തപുരം -കാസര്‍ക്കോട് 26 മുതലും തിരിച്ച് 27 മുതലുമാണ് സര്‍വീസ്.
തൃശൂരില്‍ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് ഭക്ഷണമുള്‍പ്പടെയുള്ള യാത്രാനിരക്കുകള്‍; എക്സിക്യൂട്ടീവ് നിരക്ക് ബ്രാക്കറ്റില്‍. എറണാകുളം 440 (830), ആലപ്പുഴ 505 (970), കൊല്ലം 870 (1505), തിരുവനന്തപുരം 975 (1705), ഷൊര്‍ണൂര്‍ 380 (705), തിരൂര്‍ 645 (1060), കോഴിക്കോട് 685 (1145), കണ്ണൂര്‍ 855 (1475), കാസര്‍ക്കോട് 995 (1755). ഭക്ഷണം ഒഴിവാക്കിയും ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യാവുന്നതാണ്.