കേരളം
കോന്നി മെഡിക്കല്‍ കോളേജില്‍ പുതിയ പീഡിയാട്രിക് ഐസിയുവും ഹോസ്റ്റലും ; മന്ത്രി വീണാ ജോര്‍ജ് ശനിയാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും
പത്തനംതിട്ട കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനസജ്ജമായ പീഡിയാട്രിക് ഐസിയുവിന്റേയും ബോയ്‌സ് ഹോസ്റ്റലിന്റേയും ഉദ്ഘാടനം ജനുവരി 27 ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. 16.68 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് പീഡിയാട്രിക് ഐസിയു നിര്‍മ്മിച്ചിട്ടുള്ളത്. ഇതുകൂടാതെ 1.68 കോടി രൂപ ചെലവഴിച്ച് 10 ഐസിയു ബെഡ്, 10 മോണിറ്റര്‍, 5 വെന്റിലേറ്റര്‍, മറ്റ് ഐ.സി.യു ഉപകരണങ്ങള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. കിഫ്ബി മുഖാന്തിരം 12 കോടി രൂപ മുതല്‍മുടക്കില്‍ 5 നിലകളിലായി 200 കുട്ടികള്‍ക്ക് താമസിക്കാവുന്ന ബോയ്‌സ് ഹോസ്റ്റലാണ് നിര്‍മ്മിച്ചിട്ടുള്ളത്. കിച്ചണ്‍, മെസ് ഹാള്‍, ഡൈനിംഗ് ഹാള്‍, റീഡിംഗ് റൂം, ഗസ്റ്റ് റൂം, വാര്‍ഡന്‍ റൂം, റിക്രിയേഷന്‍ റൂം, രണ്ട് ലിഫ്റ്റ്കള്‍ തുടങ്ങി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ മാനദണ്ഡ പ്രകാരമുള്ള ആധുനിക രീതിയിലുള്ള സംവിധാനങ്ങളാണ് ഹോസ്റ്റലില്‍ ഒരുക്കിയിട്ടുള്ളത്.
കോന്നി മെഡിക്കല്‍ കോളേജിനെ മറ്റ് പ്രധാന മെഡിക്കല്‍ കോളേജുകള്‍ പോലെ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി അടുത്തിടെ 37 അധ്യാപക തസ്തികളും ഒരു ലേ സെക്രട്ടറി തസ്തികയും സൃഷ്ടിച്ചു. ഈ മെഡിക്കല്‍ കോളേജില്‍ ആദ്യമായി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ (പിഎംആര്‍) വിഭാഗവും ആരംഭിക്കാന്‍ അനുമതി നല്‍കി. ഇതിനായി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിനായി 4 തസ്തികകളും പിഎംആര്‍ വിഭാഗത്തില്‍ 2 തസ്തികകളും സൃഷ്ടിച്ചു. അപകടത്തില്‍പ്പെട്ടോ മറ്റ് അസുഖങ്ങള്‍ ബാധിച്ചോ വരുന്നവര്‍ക്ക് ഗുണമേന്മയുള്ള അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാനായി മെഡിക്കല്‍ കോളേജുകളില്‍ നടപ്പിലാക്കിയ ക്വാളിറ്റി മാനേജ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് കോന്നി മെഡിക്കല്‍ കോളേജിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നത്. മികച്ച അടിയന്തര സേവനം ലഭ്യമാക്കുന്നതിന് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കല്‍ കോളേജിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി മുഖേന 351.72 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 200 കിടക്കകള്‍ കൂടിയുള്ള ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, മോര്‍ച്ചറി, പ്ലേ ഗ്രൗണ്ട് മുതലായവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ഭരണാനുമതിയും നല്‍കി. 3.5 കോടി ചെലവഴിച്ച് ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍റൂം സജ്ജമാക്കി വരുന്നു. 5 കോടി ചെലവഴിച്ച് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ 128 സ്ലൈസ് സിടി സ്‌കാന്‍ മെഷീന്‍ സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ബേസ് ആശുപത്രിയായി പ്രവര്‍ത്തിച്ചത് കോന്നി മെഡിക്കല്‍ കോളേജാണ്. 250 തീര്‍ത്ഥാടകര്‍ ഒ.പി. വിഭാഗത്തിലും 43 പേര്‍ ഐപി, ഐസിയു വിഭാഗത്തിലും ചികിത്സ തേടി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സൗകര്യമൊരുക്കാനാകും.