കേരളം
കേരളത്തില്‍ അന്ധവിശ്വാസം തടയാൻ പുതിയ നിയമം
സംസ്ഥാനത്ത് അന്ധവിശ്വാസവും അനാചാരവും തടയാനുള്ള നിയമനിര്‍മ്മാണം വരുന്നു. അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഏഴു വര്‍ഷംവരെ തടവും ഒരു ലക്ഷംരൂപ പിഴയും ഉറപ്പാക്കുന്നതാണ് നിയമം.
നിയമപരിഷ്‌കരണ കമീഷന്‍ സമര്‍പ്പിച്ച കരട് ബില്‍ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. താമസിയാതെ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാക്കും. ക്രിമിനല്‍ നടപടികളാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതിനാല്‍ ആഭ്യന്തര വകുപ്പിന്റെകൂടി വിശദപരിശോധന ആവശ്യമാണ്. ശേഷമാകും നിയമസഭയില്‍ അവതരിപ്പിക്കുന്നതടക്കമുള്ള തീരുമാനമെടുക്കുക.
മന്ത്രവാദം, കൂടോത്രം, നഗ്നരാക്കി നടത്തിക്കല്‍, പ്രേതബാധ ഒഴിപ്പിക്കല്‍, നിധി തേടിയുള്ള ഉപദ്രവം, ചികിത്സ തടയല്‍ തുടങ്ങിയവ ശിക്ഷാര്‍ഹമാണ്. മന്ത്രവാദത്തിന്റെ പേരില്‍ ലൈംഗികമായി പീഡിപ്പിക്കലും കടുത്ത കുറ്റമാണ്. ഓരോന്നിനുമുള്ള ശിക്ഷ കരടില്‍ വിശദമാക്കിയിട്ടുണ്ട്.