കേരളം
സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാന്‍ ബിഐഎസ് ഹാള്‍മാര്‍ക്ക്; ജൂണ്‍ മുതല്‍ സ്വര്‍ണ്ണ വിപണിയിൽ പുതിയ മാറ്റം
രാജ്യത്ത് ജൂണ്‍ ഒന്നു മുതല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ബിഐഎസ് ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കും. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്നതിനായുള്ള പ്യൂരിറ്റി സര്‍ട്ടിഫിക്കേഷനാണ് ബിഐഎസ് ഹാള്‍മാര്‍ക്കിംഗ്. ജനുവരി 15 മുതല്‍ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ബിഐഎസ് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്.
കോവിഡ് വ്യാപനം കണക്കിലെടുത്താണ് സര്‍ക്കാര്‍ സമയ പരിധി നീട്ടിവെച്ചത്. എന്നാല്‍ ഇനി സമയപരിധി നീട്ടിലെന്നും ജൂണ്‍ മാസം മുതല്‍ ബിഐഎസ് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ജൂണ്‍ മുതല്‍ 14, 18 , 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ മാത്രമെ ജ്വല്ലറികളില്‍ വില്‍ക്കാന്‍ പാടുള്ളു. രാജ്യത്ത് വില്‍ക്കുന്ന സ്വര്‍ണ്ണത്തിന്റെ ശുദ്ധത ഉറപ്പാക്കാനാണ് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ വഞ്ചിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും ഇത് സഹായിക്കും.സ്വർണാഭരണങ്ങളും സ്വർണനാണയങ്ങളും സാക്ഷ്യപ്പെടുത്തുന്നതിനായി സർക്കാർ സ്ഥാപിച്ച സ്ഥാപനമാണ് ബിഐസ് അഥവാ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്. സ്വർണത്തിന്റെ ആധികാരികത നിർണ്ണയിക്കാൻ ഹാൾമാർക്ക് സർട്ടിഫിക്കേഷൻ നോക്കിയാൽ മതി.
യഥാർത്ഥ സ്വർണത്തിൻമേൽ ബിഐഎസ് ഹാൾമാർക്ക് അടയാളപ്പെടുത്തിയിട്ടുണ്ടാകും. ബിഐഎസ് ഹാൾമാർക്ക് സ്വർണത്തിന്റെ പരിശുദ്ധിയും സൂക്ഷ്മതയും വിലയിരുത്തുന്നു. കൂടാതെ അന്തർദ്ദേശീയവും ദേശീയവുമായ പരിശുദ്ധി, സൂക്ഷ്മത എന്നിവ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നു.