കേരളം
പീഡനത്തെക്കുറിച്ച് പരാതി നല്‍കിയെങ്കിലും മേലുദ്യോഗസ്ഥയെ സംരക്ഷിച്ചു; എം.സി. ജോസഫൈനെതിരെ പുതിയ ആരോപണം
പരാതി പറയാന്‍ വിളിച്ചയാളോട് മോശം പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് രാജിവെക്കേണ്ടിവന്ന വനിത കമീഷന് ചെയര്പേഴ്സന് എം.സി. ജോസഫൈനെതിരെ വീണ്ടും പരാതി. ലളിതകല അക്കാദമിയിലെ വനിത ഉദ്യോഗസ്ഥയുടെ പീഡനത്തെക്കുറിച്ച് പരാതിപ്പെട്ട ജീവനക്കാരിക്ക് ‘മേലുദ്യോഗസ്ഥ’യെക്കുറിച്ച് ‘ക്ലാസെടുത്തെ’ന്നാണ് പരാതി.
പരാതി നല്കിയ ജീവനക്കാരി സമൂഹ മാധ്യമത്തിലാണ് ഇക്കാര്യം പങ്കുവെച്ചത്. അക്കാദമിയിലെ ജീവനക്കാര്‍ക്കു നേരെ മേലുദ്യോഗസ്ഥയുടെ പീഡനം വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. പരാതി വകുപ്പുതലത്തില്‍ നല്‍കിയിട്ടും നടപടിയില്ലാതിരുന്ന സാഹചര്യത്തിലാണ് ജീവനക്കാര്‍ വനിത കമീഷനെ സമീപിച്ചത്.
പരാതി നല്‍കിയിട്ടും ഏറെക്കഴിഞ്ഞാണ് മൊഴിയെടുക്കാന്‍ വിളിച്ചതെന്ന് ജീവനക്കാരി പറയുന്നു. പരാതി കേള്‍ക്കാനും പരിഹാര നടപടികളിലേക്ക് കടക്കുന്നതിനും പകരം മേലുദ്യോഗസ്ഥയെ പ്രകീര്‍ത്തിച്ചാണ് ചെയര്പേഴ്സന് സംസാരിച്ചത്.
മേലുദ്യോഗസ്ഥയുടെ പീഡനപരമ്പരയില്‍ അക്കാദമിയില്‍നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടത് 11 പേരാണെന്ന് പറയുന്നു. ഇവര്‍ക്കെതിരെയുള്ള പരാതികള്‍ പൊലീസിലുണ്ടെങ്കിലും മേലുദ്യോഗസ്ഥയുടെ സംരക്ഷണത്തിനാണ് അവര്‍ക്കും താല്പര്യമെന്നാണ് ആക്ഷേപം.