കേരളം
റെയിൽവേ പോലീസ് സേവനം വേണോ…. 112 ലേക്ക് വിളിക്കാം
അടിയന്തിരഘട്ടങ്ങളിൽ ബന്ധപ്പെടാനുളള നമ്പരായ 112 ൽ ഇനിമുതൽ റെയിൽവേ പോലീസ് സേവനങ്ങളും. പ്ലാറ്റ്ഫോമിലും ട്രെയിനിലും അടിയന്തിരഘട്ടങ്ങളിൽ യാത്രക്കാർക്ക് സഹായത്തിനായി 112 ൽ വിളിക്കാം. 24 മണിക്കൂറും ഈ സേവനം ലഭ്യമാകും.
രാജ്യവ്യാപക ഏകീകൃത നമ്പരായ 112 ൽ കേരളാ റെയിൽവേ പോലീസിൻറെ സേവനങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തിരുവനന്തപുരത്ത് പദ്ധതി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
കേരളാ റെയിൽവെ പോലീസ് കമാൻറ് ആൻറ് കൺട്രോൾ സെൻറർ ആണ് റെയിൽവേ പോലീസിൻറെ നോഡൽ ഓഫീസ്. പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇ.ആർ.എസ്.എസ് കമാൻഡ് സെൻററിൽ ലഭിക്കുന്ന സന്ദേശങ്ങൾ ക്രോഡീകരിക്കുന്നത് സാങ്കേതിക പരിജ്ഞാനവും ഭാഷാപ്രാവീണ്യവുമുള്ള പോലീസുദ്യോഗസ്ഥരാണ്.
സഹായം തേടി വിളിക്കുന്നത് എവിടെ നിന്നാണെന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കമാൻഡ് സെൻറർ മനസ്സിലാക്കി തുടർ നടപടിക്കായി തമ്പാനൂരിലെ റെയിൽവേ പോലീസ് കമാൻറ് ആൻറ് കൺട്രോൾ സെൻററിന് കൈമാറുകയാണ് ചെയ്യുന്നത്. ഇതുവഴി സംസ്ഥാനത്തെ ഏത് റെയിൽവേ സ്റ്റേഷനിലും ചുരുങ്ങിയ സമയത്തിനുളളിൽ തന്നെ പോലീസ് സഹായം എത്തിക്കാൻ കഴിയും.