കേരളം
നാഷണല്‍ ട്രൈബല്‍ ഫിലിം ഫെസ്റ്റിവല്‍ കേരളത്തില്‍; ലോഗോ പ്രകാശനം ചെയ്ത് മമ്മൂട്ടി
ലോകത്തിലെ ആദ്യ ഗോത്ര ഭാഷാ ചലച്ചിത്രമേളയ്ക്ക് വേദിയൊരുങ്ങുന്നത് കേരളത്തിലെ അട്ടപ്പാടിയില്‍. ചരിത്രത്തിലാദ്യമായാണ് ട്രൈബല്‍ ഭാഷകളിലൊരുക്കിയ ചലച്ചിത്രങ്ങള്‍ മാത്രം പ്രദർശിപ്പിക്കുവാനായി ഒരു മേള സംഘടിപ്പിക്കുന്നത്. നടൻ മമ്മൂട്ടിയാണ് മേളയുടെ ലോഗോ പ്രകാശനം നിർവ്വഹിച്ചത്.
ഓഗസ്റ്റ് 7 മുതല്‍ 9 വരെയുള്ള മൂന്ന് ദിവസങ്ങളിലാണ് ചലച്ചിത്രമേള നടക്കുന്നത്. വേൾഡ് ട്രെെബൽ ദിനമായ ഓഗസ്റ്റ് 9നാണ് എൻ.ടി.എഫ്.എഫിന്റെ സമാപനം.
രാജ്യത്തെ വിവിധ ഗോത്ര ഭാഷകളിൽ ഒരുങ്ങിയ ചലച്ചിത്രങ്ങളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ലോക സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു ചലച്ചിത്ര മേളയെന്ന് എൻ.ടി.എഫ്.എഫിന്റെ ഡയറക്ടറും ഇരുള, മുഡുഗ, കുറുമ്പ എന്നീ ഗോത്രഭാഷകളില്‍ സിനിമകളൊരുക്കിയ ചലച്ചിത്ര സംവിധായകനുമായ വിജീഷ് മണി അറിയിച്ചു.
ചടങ്ങില്‍ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, നിർമ്മാതാക്കളായ ഡോ. എൻ.എം ബാദുഷ, എസ്. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.