കേരളം
സംസ്ഥാനത്തെ 11 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
സംസ്ഥാനത്തെ 11 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര (എന്‍ ക്യൂ എ എസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.മലപ്പുറം അത്താനിക്കല്‍, കോഴിക്കോട് മൂടാടി, കൊല്ലം ഇളമ്പള്ളൂര്‍, കണ്ണൂര്‍ പാനൂര്‍, തൃശൂര്‍ ഗോസായിക്കുന്ന്, തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍,
കണ്ണൂര്‍ ന്യൂ മാഹി, തൃശൂര്‍ പോര്‍ക്കളേങ്ങാട്, കൊല്ലം മുണ്ടക്കല്‍ അര്‍ബന്‍ പ്രൈമറി സെന്ററുകള്‍, കോഴിക്കോട് പുറമേരി, ഇടുക്കി ഉടുമ്പന്‍ചോല എന്നിവയ്ക്കാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍ ക്യൂ എ എസ് ബഹുമതി ലഭിച്ചത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായി എന്‍ ക്യു എ എസ് കിട്ടുന്നത് വലിയ നേട്ടം തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ ക്യു എ എസ് നേടുന്ന സംസ്ഥാനം കേരളമാണ്.
രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിലും ആദ്യത്തെ 12 സ്ഥാനവും കേരളത്തിനാണ്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസര്‍കോട് കയ്യൂര്‍ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്‌കോര്‍ കരസ്ഥമാക്കി ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്താണ്.