കേരളം
രണ്ട് ദിവസത്തെ സന്ദര്‍ശനം: പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; കൊച്ചിയില്‍ റോഡ് ഷോ
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാനത്തെത്തും. വൈകിട്ട് അഞ്ചുമണിക്ക് നരേന്ദ്രമോദി നെടുമ്പാശ്ശേരിയില്‍ ഇറങ്ങും. തുടര്‍ന്ന് ഹെലികോപ്ടര്‍ മാര്‍ഗം പ്രധാനമന്ത്രി കൊച്ചി ദക്ഷിണ നാവികാസ്ഥാനത്ത് എത്തും. തുടര്‍ന്ന് എറണാകുളം നഗരത്തില്‍ പ്രധാനമന്ത്രി റോഡ് ഷോ നടത്തും. മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ ഗസ്റ്റ്ഹൗസ് വരെ 1.3 കിലോമീറ്ററാണ് നരേന്ദ്ര മോദി തുറന്ന വാഹനത്തില്‍ റോഡ്‌ഷോ നടത്തുക. അര ലക്ഷം പേര്‍ റോഡ്‌ഷോയില്‍ പങ്കെടുക്കും.
രാത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന പ്രധാനമന്ത്രി നാളെ രാവിലെ ആറിന് ഗുരൂവായൂര്‍ക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തിയ ശേഷം പന്ത്രണ്ട് മണിയോടെ കൊച്ചിയില്‍ തിരിച്ചെത്തും. തുടർന്ന് വില്ലിങ്ടണ്‍ ഐലന്‍ഡില്‍ കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ അന്താരാഷ്‌ട്ര കപ്പല്‍ റിപ്പയറിങ് കേന്ദ്രം, പുതിയ ഡ്രൈഡോക്ക് എന്നിവ രാജ്യത്തിനു സമര്‍പ്പിക്കും.
തുടര്‍ന്ന് 11ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ ബിജെപി ശക്തികേന്ദ്ര ഇന്‍ ചാര്‍ജുമാരുടെ യോഗത്തെ അഭിസംബോധന ചെയ്യും. ഇതിന് ശേഷമാകും പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കൊച്ചിയിലും ഗുരുവായൂരും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കൊച്ചിയിലും തൃശൂരിലും ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.