കേരളം
നാടാര്‍ സമുദായം പൂര്‍ണമായും ഇനി ഒബിസി; നിർണായക തീരുമാനങ്ങൾ
നാടാര്‍ സമുദായത്തെ പൂര്‍ണമായി ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹിന്ദു നാടാർ വിഭാഗങ്ങൾക്കും, എസ് ഐ യു സി വിഭാഗങ്ങൾക്കും മാത്രമാണ് ഇതുവരെ സംവരണം ഉണ്ടായിരുന്നത്.
ഇതേരീതിയിലുളള സംവരണം തങ്ങൾക്കും വേണമെന്നായിരുന്നു മറ്റ് നാടാർ വിഭാഗങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ഇത് അംഗീകരിച്ചാണ് സർക്കാർ തീരുമാനമെടുത്ത്. പുതിയ തീരുമാനത്തോടെ ക്രൈസ്തവ സഭകളിലും വിവിധ മതവിഭാഗങ്ങളിലും ഉള്‍പ്പെടുന്നവര്‍ക്കും ഒബിസി സംവരണം ലഭിക്കും.
ദീര്‍ഘകാലമായി ഉയര്‍ന്ന ആവശ്യമായിരുന്നു നാടാര്‍ സമുദായത്തില്‍പ്പെട്ടവരെ പൂര്‍ണമായി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കണമെന്നത്. തെക്കന്‍ കേരളത്തില്‍ പ്രബലമായ സമുദായമാണ് നാടാര്‍ സമുദായം. തെക്കന്‍ കേരളത്തില്‍ ഈ തീരുമാനം തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കുമെന്നാണ് എല്‍ഡിഎഫ് കണക്കാക്കുന്നത്.
അതോടൊപ്പം പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം നീട്ടുകയും സിഡിറ്റിലെ 115 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ജനുവരി മാസം അവസാനിക്കുന്ന പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലവധിയാണ് ആറ് മാസത്തേക്ക് നീട്ടിയിരിക്കുന്നത്.
ശമ്പള പരിഷ്‌കരണ കമ്മീഷന്റെ റിപ്പോര്‍ട്ടും മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇത് സംബന്ധിച്ച് പഠിക്കുന്നതിന് ഉദ്യോഗസ്ഥതല സമിതിയേയും നിയോഗിച്ചിട്ടുണ്ട്. ധനവകുപ്പ് സെക്രട്ടറിയടക്കം അടങ്ങുന്നതാണ് സമിതി.
ആരോഗ്യ വകുപ്പിലെ ശമ്പള പരിഷ്‌കരണം അതേപടി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് കാലത്തെ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം പരിഗണിച്ചാണിത്.