കേരളം
വീട്ടിലേക്കുള്ള പച്ചക്കറിയുമായി സൈറണിട്ട് കുതിച്ച് ആംബുലൻസ് ഡ്രൈവർ കുടുങ്ങി
കൊച്ചി യാത്രയ്ക്കു ശേഷം മടങ്ങുന്നതിനിടെ പച്ചക്കറി വാങ്ങി ആംബുലൻസുമായി മുന്നോട്ടു നീങ്ങിയപ്പോൾ റോഡിൽ വമ്പൻ ഗതാഗത കുരുക്ക്. പിന്നെ മറ്റൊന്നും നോക്കിയില്ല. സൈറൺ മുഴക്കി ഒറ്റക്കുതിപ്പ്. മറ്റൊരു റോഡിൽ നിന്ന് വന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ഗതാഗതക്കുരുക്കിൽ കഷ്ടപ്പെടുന്ന ആംബുലൻസ് കാണുന്നു. ഉടൻ ഉദ്യോഗസ്ഥൻ മറ്റു വാഹനങ്ങൾ നിയന്ത്രിച്ച് ആംബുലൻസിന് വഴിയൊരുക്കി.
എന്നാൽ അധികം വൈകാതെ ആംബുലൻസ് ഡ്രൈവറുടെ നാടകം തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർ ഉടൻ പണി കൊടുത്തു. കഴിഞ്ഞ ദിവസം എംസി റോഡിൽ കാലടി മറ്റൂർ കവലയിൽ ഗതാഗതക്കുരുക്കിൽപ്പെട്ട ആംബുലൻസ് ഡ്രൈവർ സൈറൺ മുഴക്കി നടത്തിയ നാടകമാണ് പൊളിഞ്ഞത്.
നിയമവിരുദ്ധമായി സൈറൺ മുഴക്കി ആംബുലൻസ് ഓടിച്ചതിന് ഡ്രൈവർ തൊടുപുഴ സ്വദേശി യേശുദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.
തൊടുപുഴയിൽ നിന്ന് തമിഴ്നാട്ടിലേക്ക് മൃതദേഹവുമായി പോയതായിരുന്നു യേശുദാസ്. മടക്ക യാത്രക്കിടെ കാലടി ഭാഗത്തു നിന്ന് പച്ചക്കറി വാങ്ങി. മറ്റൂർ ജങ്ഷനിലെത്തിയപ്പോൾ ഗതാഗത കുരുക്ക് രൂക്ഷമായി. ഇതിനെ മറികടക്കാനായിട്ടായിരുന്നു അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാൻ അനുമതിയുള്ള സൈറൺ യേശുദാസ് മുഴക്കിയത്.
സൈറൺ കേട്ട് മറ്റു യാത്രക്കാർ വഴിയൊരുക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും രൂക്ഷമായ ഗതാഗത കുരുക്കായിരുന്നതിനാൽ പൂർണമായും ഫലിച്ചില്ല. ഈ സമയത്താണ് എറണാകുളം എൻഫോഴ്സ്മെന്റ് സ്ക്വാഡ് വാഹനം എത്തിയത്. വണ്ടിയിലുണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഇന്ദുധരൻ ആചാരി, അസിസ്റ്റന്റ് ഇൻസ്പെക്ടർ എംബി ശ്രീകാന്ത്, കെപി ശ്രീജിത്ത് എന്നിവരടങ്ങിയ സംഘം സൈറൺ മുഴക്കി നിൽക്കുന്ന ആംബുലൻസിന് പോകാൻ വഴിയൊരുക്കി.
ഉദ്യോഗസ്ഥരുടെ വരവോടെ പണി പാളുമെന്നു തോന്നിയ ഡ്രൈവർ ഉടനടി സൈറൺ നിർത്തി. ഇതിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ആംബുലൻസിനെ പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് ഡ്രൈവർ യേശുദാസിന്റെ നാടകം മനസിലായത്. ആംബുലൻസിൽ ഉദ്യോഗസ്ഥർ കണ്ടത് കുറച്ച് പച്ചക്കറി മാത്രം. വാഹനം പിടികൂടിയ ഉദ്യോഗസ്ഥർ ഡ്രൈവറെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ബോധവത്കരണ ക്ലാസിലേക്കും വിട്ടു. ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശയും ആർടിഒയ്ക്ക് നൽകി.