കേരളം
മൂവാറ്റുപുഴ ജപ്തി: ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം
മൂവാറ്റുപുഴ ജപ്തിയില്‍ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ കര്‍ശന നടപടിക്ക് നിർദ്ദേശം. ജപ്തി നടപടിയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ സഹകരണ മന്ത്രി വി എന്‍ വാസവന്‍ നിര്‍ദ്ദേശം നല്‍കി. പാവപ്പെട്ടവർക്ക് എതിരെ ജപ്തി നടപടി സ്വീകരിക്കുമ്പോൾ താമസിക്കുന്നതിനുള്ള പകരം സംവിധാനം കണ്ടെത്തണമെന്ന സർക്കാർ നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ല. വീട്ടുടമസ്ഥനായ അജേഷ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നപ്പോഴാണ് വീട് ജപ്തി ചെയ്തത്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി.
അജേഷ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുന്നത് വരെ ജപ്തി നീട്ടാൻ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. എന്നാൽ കുടുംബത്തിന്‍റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നായിരുന്നു മൂവാറ്റുപുഴ അർബൻ ബാങ്ക് പിന്നാലെ വിശദീകരിച്ചത്. എന്നാല്‍ ജപ്തി ചെയ്ത വീടിന്‍റെ ബാധ്യത ഏറ്റെടുക്കാൻ തയ്യാറെന്ന് കാണിച്ച് മാത്യു കുഴൽനാടൻ എംഎൽഎ ബാങ്കിന് കത്ത് നൽകിയിരുന്നു. മൂവാറ്റുപുഴ അർബൻ ബാങ്കിന് അജേഷ് കൊടുക്കാനുള്ള 175000 രൂപ താൻ അടച്ചു കൊള്ളാം എന്ന് അറിയിച്ചുള്ള കത്താണ് കുഴൽനാടൻ നൽകിയത്.