കേരളം
മുട്ടിൽ മരംമുറി; പിടിച്ചെടുത്ത തടികൾ വനം വകുപ്പ് കണ്ടു കെട്ടി
മുട്ടിൽ മരം മുറിയിൽ കേസില്‍ പിടിച്ചെടുത്ത മര തടികൾ വനം വകുപ്പ് കണ്ടു കെട്ടി. സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്നയാണ് കണ്ടുകെട്ടൽ ഉത്തരവിറക്കിയത്. കേരള വനം നിയമ പ്രകാരം കസ്റ്റഡിയിലെടുത്ത് കുപ്പാടി വനം ഡിപ്പോയിൽ സൂക്ഷിച്ച 22 കഷ്ണം വീട്ടിത്തടികളാണ് സർക്കാരിലേക്ക് കണ്ടുകെട്ടിയത്.
11 കേസുകളിലുൾപ്പെട്ട തടികളാണിത്. ബാക്കി 24 കേസുകളിൽ നടപടി തുടരുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥർ വിവാദ ഉത്തരവിന്റെ മറവിൽ സംരക്ഷിത മരങ്ങൾ മുറിച്ച പ്രദേശങ്ങളിൽ പരിശോധന നടത്തി സംയുക്ത മഹസർ തയ്യാറാക്കിയിരുന്നു. മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ അന്തിമ അന്വേഷണത്തിന് ശേഷമാണ് പിടിച്ചെടുത്ത തടികൾ സർക്കാരിലേക്ക് കണ്ടുകെട്ടിയത്.
കേസിൽ ആരോപണവിധേയനായ മുൻ വില്ലേജ് ഓഫീസറെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറായിരുന്ന കെ കെ അജിയെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.
സർക്കാരിന്റെ അനുമതിയില്ലാതെ ഈട്ടി മരങ്ങൾ മുറിച്ച് മാറ്റാൻ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് സഹായം നൽകിയതിനാണ് കേസിൽ പ്രതി ചേർത്തത്. വില്ലേജ് ഓഫീസറുടെ അനധികൃത ഇടപെടലിൽ 8 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മുൻ മുട്ടിൽ വില്ലേജ് സ്പെഷൽ ഓഫീസർ കെ ഒ സിന്ധുവിനെ ഇതുവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടില്ല.