കേരളം
രാജ്യത്ത് കുട്ടികൾക്കിടയിൽ വീണ്ടും മുണ്ടിനീര് വ്യാപനം; ശ്രദ്ധിച്ചില്ലെങ്കിൽ തലച്ചോറിനെ വരെ ബാധിക്കാം
രാജ്യത്ത് കുട്ടികൾക്കിടയിൽ മുണ്ടിനീരുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം കൂടുതൽ. മുണ്ടിനീര് എന്ന് അറിയപ്പെടുന്ന ഈ രോഗം മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് എ വൈറസ് മൂലമാണ് പകരുന്നത്. ഉമിനീർ ഗ്രന്ഥികളെയാണ് ഇവ ബാധിക്കുക. രോഗം ബാധിച്ചവരിൽ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളിൽ വീക്കം കണ്ടുതുടങ്ങുതിന് തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതൽ ആറു ദിവസം വരെയുമാണ് സാധാരണയായി രോഗം പകരാനുള്ള സാധ്യതയുള്ളത്. അഞ്ചു മുതൽ 15 വയസ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതൽ ബാധിക്കുതെങ്കിലും മുതിർവരിലും ഇത് കാണപ്പെടാറുണ്ട്.
ഇതൊരു മുന്നറിയിപ്പായി കണക്കാക്കണമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടികാണിക്കുന്നത്. പ്രതിരോധ കുത്തിവെപ്പ് നൽകുന്നത് കുറഞ്ഞതും കുട്ടികളിൽ രോഗവ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇന്ത്യയിൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ നടത്തിയ പഠനത്തിൽ സെറോപോസിറ്റിവിറ്റി ആന്റിബോഡിയുടെ അളവ് ക്രമേണ കുറഞ്ഞു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധകുത്തിവെപ്പ് എടുത്തവരിലും സംവേദനക്ഷമത കുറയുന്നുണ്ടെന്നു ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.