കേരളം
അടിമുടി മാറ്റത്തിനൊരുങ്ങി കോൺഗ്രസ്; പ്രതിപക്ഷ നേതാവിന് പിന്നാലെ മുല്ലപ്പള്ളിയെയും മാറ്റിയേക്കും
കേരളത്തിലെ കോണ്‍ഗ്രസില്‍ തലമുറമാറ്റമെന്നു വ്യക്തമായ സൂചന നല്കി വിഡി സതീശനെ പ്രതിപക്ഷ നേതാവായി നിയോഗിച്ച ഹൈക്കമാന്‍ഡ് കെപിസിസിയിലും അടിമുടി മാറ്റത്തിന് ഒരുങ്ങുന്നതായി വിവരം. ഒരു മാസത്തിനുള്ളില്‍ കെപിസിസിയില്‍ അഴിച്ചുപണിയുണ്ടാവുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ നീക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. തെരഞ്ഞെടുപ്പു തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പള്ളി സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിക്കാത്തതില്‍ ഹൈക്കമാന്‍ഡ് അതൃപ്തിയിലാണ്. ഇക്കാര്യത്തില്‍ വ്യക്തമായ സന്ദേശം നേതൃത്വം മുല്ലപ്പള്ളിക്കു നല്‍കിയിട്ടുണ്ട്.
പരാജയത്തില്‍ തനിക്കും ഉത്തരവാദിത്വമുണ്ടെന്നും സ്ഥാനമൊഴിയാന്‍ തയ്യാറെന്നും മുല്ലപ്പള്ളി നേതൃത്വത്തെ അറിയിച്ചതായാണ് അറിയുന്നത്. ഹൈക്കമാന്‍ഡ് എടുക്കുന്ന ഏതു തീരുമാനവും ശിരസാ വഹിക്കുമെന്ന് മുല്ലപ്പള്ളി അറിയിച്ചിട്ടുണ്ട്.