കേരളം
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ വീണ്ടും വര്‍ധനവ്
നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ വീണ്ടും വര്‍ദ്ധനവ്. 141.10 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിന്റെ ഒരു ഷട്ടര്‍ 10.സെ.മീ തുറന്നിട്ടുണ്ട്. അതേസമയം നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് കൂടുതല്‍ വെള്ളം തുറന്നു വിട്ടിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല.
നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 2400.08 അടിയാണ്. ചെറുതോണി അണക്കെട്ടില്‍ നിന്നും സെക്കന്‍ഡില്‍ എണ്‍പതിനായിരം ലിറ്റര്‍ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്. ഇതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്.
ഇന്ന് വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസ് മനുഷ്യച്ചങ്ങല തീര്‍ക്കും. മുല്ലപ്പെരിയാറില്‍ പുതി ഡാം, കേരളത്തിന് സുരക്ഷ, തമിഴ് നാടിന് ജലം, എന്ന സന്ദേശവുമായാണ് കോണ്‍ഗ്രസിന്റെ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത്.
ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ പതിനൊന്നരക്കാണ് സമരം.വണ്ടിപ്പെരിയാര്‍ മുതല്‍ വാളാടി വരെ നാല് കിലോമീറ്റര്‍ ദൂരത്തിലാണ് മനുഷ്യച്ചങ്ങല.കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സമരം ഉദ്ഘാടനം ചെയ്യും.