കേരളം
ജലനിരപ്പ് കുറഞ്ഞില്ലെങ്കിൽ മുല്ലപ്പെരിയാര്‍ ഡാം വെള്ളിയാഴ്ച തുറക്കും
ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാം മറ്റന്നാള്‍ തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് അറിയച്ചതായി മന്ത്രി വ്യക്തമാക്കി. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായും സര്‍ക്കാര്‍ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ആശങ്കകള്‍ കണക്കിലെടുത്ത് മുല്ലപ്പെരിയാറില്‍ പുതിയൊരു ഡാം വേണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജലനിരപ്പില്‍ മാറ്റംവരുത്തേണ്ട കാര്യമില്ലെന്ന മേല്‍നോട്ട സമിതിയുടെ നിലപാടിനെ അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി താഴ്ത്തിയിട്ടുണ്ട്. മുല്ലപ്പെരിയാറിലെ സ്പില്‍വേയിലൂടെ വെള്ളം വന്നാലും അത് താങ്ങാനുള്ള ശേഷി ഇടുക്കി അണക്കെട്ടിനുണ്ട്. പ്രതീക്ഷിച്ചതിലേറെ ജലനിരപ്പ് മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. ഒരു ദിവസം തന്നെ നാലും അഞ്ചും അടി ഉയര്‍ന്നു. മേല്‍നോട്ട സമിതിക്ക് മുമ്പാകെ കേരളം ഇത് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഡാമിനേക്കുറിച്ച് ഒരാശങ്കയും ജനങ്ങള്‍ക്ക് വേണ്ടെന്നും എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജലനിരപ്പില്‍ മാറ്റംവരുത്തേണ്ട കാര്യമില്ലെന്ന മേല്‍നോട്ട സമിതിയുടെ നിലപാടിനെ അംഗീകരിക്കാനാകില്ല. ജനങ്ങളുടെ ആശങ്കയകറ്റാനാണ് പുതിയ ഡാം എന്ന ആവശ്യം. പുതിയ ഡാം വന്നാലും തമിഴ്‌നാടിന് ആവശ്യമായ വെള്ളം നല്‍കുമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. നേരത്തെ, ജലനിരപ്പില്‍ മാറ്റം വേണ്ടെന്ന് മേല്‍നോട്ട സമിതി നിര്‍ദേശിച്ചിരുന്നു. കേരളത്തിന്റെ വിയോജനക്കുറിപ്പോടെയാണ്, റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സമിതി സുപ്രീം കോടതിയെ അറിയിച്ചു. സമിതി റിപ്പോര്‍ട്ടില്‍ പ്രതികരണം അറിയിക്കാന്‍ കേരളം സമയം തേടിയതിനെത്തുടര്‍ന്ന് കേസ് നാളത്തേക്കു മാറ്റി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടതുണ്ടോയെന്നു പരിശോധിക്കാന്‍ മേല്‍നോട്ട സമിതിയോട് കോടതി നിര്‍ദേശിച്ചിരുന്നു, ഇതനുസരിച്ചാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്. സമിതി റിപ്പോര്‍ട്ടിലെ പ്രതികരണം എഴുതി നല്‍കുമെന്ന് കേരളം അറിയിച്ചു. നാളെ രാവിലെയോടെ ഇതു സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. നാളെ ഉച്ചയ്ക്കു രണ്ടിനു കേസ് വീണ്ടും പരിഗണിക്കും. ജലനിരപ്പ് 139 അടിയായി നിജപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടു.
പ്രദേശത്ത് കൂടുതല്‍ മഴ പെയ്താല്‍ ജലനിരപ്പ് ഉയരുമെന്നും അതു സുരക്ഷാ ഭീഷണി ഉണ്ടാക്കുമെന്നും കേരളം ചൂണ്ടിക്കാട്ടി. നിലവിലെ ജലനിരപ്പ് 137.7അടിയായതിനാല്‍ ആശങ്കയ്ക്കു വകയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ സുരക്ഷ പ്രധാനമാണ്. 2016ലെ അവസ്ഥ ആയിരിക്കില്ല, 2021ല്‍ എന്നു കോടതി പറഞ്ഞു. അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് തെറ്റായ പ്രചാരണം നടക്കുകയാണെന്ന് തമിഴ്‌നാടിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇക്കാര്യത്തിലെ ഭീതി അസ്ഥാനത്താണ്. കേസ് ദീപാവലി അവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റണമെന്നും തമിഴ്‌നാട് അഭിഭാഷകന്‍ ആവശ്യപ്പെട്ടു.